ഹൈദരാബാദ്: ഐപിഎൽ വാതുവയ്പ്പിൽ ഏർപ്പെട്ടിരുന്ന 10 പേരെ സൈബറാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – ലക്നോ സൂപ്പർ ജയന്റ്സ് പോരാട്ടത്തിനിടെ പണം വച്ച് വാതുവയ്പ്പിൽ ഏർപ്പെട്ടവരാണ് പിടിയിലായത്.
ബച്ചുപ്പള്ളി മേഖലയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് വാതുവയ്പ്പ് നടന്നിരുന്നത്. വാതുവയ്പ്പിനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈ.വി. ശിവരാമ കൃഷ്ണ, എസ്. കിരൺ കുമാർ, എൻ. ശ്രീനിവാസ് ബാബു, കെ.മഹേഷ്, സി. കാശി, എ. പ്രതാപ് കുമാർ, കെ. വിജയകുമാർ, ജി. ശ്രീകാന്ത്, എ. വിനയ്, ബി. വെങ്കിട കുമാർ എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് 60.39 ലക്ഷം രൂപ, കംപ്യൂട്ടർ ഉപകരണങ്ങൾ, ഫീച്ചർ ഫോണുകൾ, സ്മാർട്ട് ഫോണുകൾ, വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.