ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നടപടിയിൽ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പ്ലേ ഓഫ് മത്സരം പൂർത്തിയാകുന്നതിന് മുൻപ് താരങ്ങളെ പിൻവലിച്ച സംഭവത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു.
വിഷയത്തില്‍ ബ്ലാസ്റ്റേഴ്സ് നേരത്തെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കകം പാലിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സിനോടും വുകൊമാനോവിച്ചിനോടും അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ ക്ലബിനും ഹെഡ് കോച്ചിനും അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ക്ലബ്ബിനെ കൂടാതെ പരിശീലകനെതിരെയും ഫെഡറേഷന്റെ നടപടിയുണ്ടായിരുന്നു. പിഴയോടൊപ്പം വിലക്കും ലഭിച്ച ഇവാൻ വുകുമനോവിച്ച് നിലവിൽ സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. സഹപരിശീലകൻ ഫ്രാങ്ക് ഡോവെനാണ് ടീമിനെ സൂപ്പർ കപ്പിൽ നയിക്കുന്നത്.
ഫ്രീകിക്കിൽ നിന്ന് ബംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ കളംവിട്ടത്. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും തയ്യാറാകാത്ത സമയം നോക്കി ഛേത്രി കിക്ക് എടുക്കുകയായിരുന്നു. ഇത് ഗോളാകുകയും ചെയ്തു.ഛേത്രിയെ ഫ്രീകിക്ക് എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ ക്ലബ് നേരത്തെ എഐഎഫ്എഫിന് പരാതി നൽകിയിരുന്നു. എന്നാൽ അത് നിരസിക്കപ്പെട്ടു.