ചെന്നൈ: ചെപ്പോക്കില്‍ ബുധനാഴ്ച നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. 750 രൂപയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ 5000 രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റ് വാങ്ങാന്‍ വലിയ ആള്‍ക്കൂട്ടമാണ് രൂപപ്പെട്ടത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്‍സാണ് ബുധനാഴ്ചത്തെ മത്സരത്തിൽ ചെന്നൈയുടെ എതിരാളികൾ.
അതേസമയം ടിക്കറ്റുകൾ ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് ആരാധകർ. അവർ ടീമനെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. കോർപറേറ്റ് സ്പോൺസർമാർക്കായി മിക്ക ടിക്കറ്റുകളും റിസർവ് ചെയ്തെന്നും അതിനാലാണ് ടിക്കറ്റ് ലഭിക്കാത്തതെന്നുമാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്.
എന്നാല്‍ ആകെയുള്ള ടിക്കറ്റിന്റെ 20 ശതമാനം ബിസിസിഐയ്ക്കും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും നല്‍കണമെന്നാണ് ചട്ടമെന്നും ഇതിന് പുറമെ 13,000 ടിക്കറ്റുകള്‍ ക്ലബുകള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും ചെന്നൈ സൂപ്പര്‍കിങ്സ് സിഇഒ വ്യക്തമാക്കുന്നു.
പിന്നെ ആകെയുള്ളത് 15,000 ടിക്കറ്റ് മാത്രമാണ്. കൗണ്ടര്‍ ഓപ്പണാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ അത് തീരുമെന്നും കരിഞ്ചന്തകളില്‍ ടിക്കറ്റ് ലഭ്യമാകുന്നതില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകുന്നേരം 7.30 നാണ് ചെപ്പോക്കില്‍ ചെന്നൈയും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള മല്‍സരം.
അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈ സൂപ്പർകിങ്സ്. അത്രയും കളിയും ജയവുമായി രാജസ്ഥാൻ റോയൽസ് രണ്ടാം സ്ഥാനത്തുണ്ട്. നെറ്റ് റൺറേറ്റാണ് രാജസ്ഥാന് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. നാല് കളികളിൽ നിന്ന് മൂന്ന് ജയവുമായി ലക്നൗ സൂപ്പർജയന്റ്സാണ് ഒന്നാം സ്ഥാനത്തുള്ളത്. ആറ് പോയിന്റാണ് ലക്നൗവിന്റെ അക്കൗണ്ടിലുള്ളത്.