ബെംഗളൂരു: സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലായ കർണാടക ബിജെപിക്ക് പുതിയ വെല്ലുവിളി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടർ മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയതാണ് പുതിയ തലവേദന. ഇത്തവണ മത്സരിക്കേണ്ടതില്ലെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നും ബിജെപി നേതൃത്വം ജഗദീഷ് ഷെട്ടറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരരംഗത്തുനിന്നു പിന്മാറില്ലെന്ന് ജഗദീഷ് അറിയിച്ചു.
കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളില്‍ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഞാന്‍ വിജയിച്ചു. ഇതുവരെ ഒരു ആരോപണങ്ങളും തനിക്കെതിരെ ഉണ്ടായിട്ടില്ല. പിന്നെ എന്താണ് തന്റെ കുറവ്. എന്നെ മത്സരിക്കാനനുവദിക്കണം. മറിച്ചാണെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് നല്ലതിനാവില്ല. സീറ്റു നല്‍കിയില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷെട്ടര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സമാനമായ രീതിയിൽ മാറി നിൽക്കാൻ നിർദേശിച്ച മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് താൻ സ്വമേധയാ വിരമിക്കുന്നുവെന്ന് ജെ പി നദ്ദയ്ക്ക് കത്തെഴുതി. പാര്‍ട്ടി കഴിഞ്ഞ 40 വര്‍ഷത്തിനിടെ തനിക്ക് നിരവധി ഉത്തരവാദിത്വങ്ങള്‍ നല്കി. ബൂത്ത് ലെവലില്‍നിന്ന് പ്രവര്‍ത്തിച്ച് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വരെയായി. ഉപമുഖ്യമന്ത്രിയാവാനും കഴിഞ്ഞു-അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെയാണ് മുന്‍കരുതല്‍ നടപടിയെന്നോണം ഈശ്വരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
ഈശ്വരപ്പയ്ക്ക് ഇത്തവണ അതേ സീറ്റ് കിട്ടില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. മകൻ കെ ഇ കാന്തേഷിന് ശിവമൊഗ്ഗ സീറ്റ് നൽകണമെന്ന ഈശ്വരപ്പയുടെ ആവശ്യം കേന്ദ്രനേതൃത്വം തള്ളി. മക്കൾ രാഷ്ട്രീയം തുടരുകയും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീണ്ടും മത്സരിക്കുകയും അഴിമതിക്കേസുകളിൽ പ്രതികളായവർ സ്ഥാനാർഥികളാവുകയും ചെയ്യുന്നതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
അതേസമയം, കൂറ് മാറിയെത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്നതിൽ യോഗത്തിലടക്കം നേതൃത്വത്തോട് പൊട്ടിത്തെറിച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്നും അഭ്യൂഹമുണ്ട്. ബിജെപി പട്ടിക വന്നാൽ സീറ്റ് കിട്ടാത്തതിൽ അതൃപ്തർ കൂറ് മാറി കോൺഗ്രസിലെത്തുമെന്നത് ഉറപ്പാണ്. ബാക്കിയുള്ള 58 സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പട്ടിക വന്ന ശേഷമേ കോൺഗ്രസ് പ്രഖ്യാപിക്കൂ.
പ്രധാനമന്ത്രിയുള്‍പ്പടെയുള്ള ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമസ്ഥാനാര്ഥികളെ തീരുമാനിക്കാന്‍ കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു.