തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കി.
എം വിൻസെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീർ, എ പി അനിൽകുമാർ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎമാർക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവം അന്വേഷിച്ച ചീഫ് മാർഷൽ നൽകിയ റിപ്പോർട്ടിൽ ഇവരുടെയെല്ലാം പേരുകൾ പരാമർശിക്കുന്നതായി നോട്ടിസിൽ പറയുന്നു.
അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ നടപടി ഇല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം, കേസിൽ പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ചുമത്തിയ ഐ.പി സി 326 വകുപ്പ് നീക്കം ചെയ്തു. ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നകുറ്റമാണ് ഒഴിവാക്കിയത്. വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് നീക്കം.
എന്നാൽ ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി പരിക്കേൽപ്പിച്ചതിന് ഐ.പി സി 332 നില നിർത്തി. നിയമസഭാ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് മ്യൂസിയം പൊലീസിൽ നിന്ന് മാറ്റി. ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറിന് അന്വേഷണ ചുമതല.
മാർച്ച് 15 ന് സഭാസമ്മേളനം അവസാനിച്ച ശേഷം പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ നടപടി ഇല്ലെന്ന ആരോപണവും പ്രതിപക്ഷഭാഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്.