കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിൽ കോർപറേഷന് പിഴ ഒടുക്കാൻ കൂടുതൽ സാവകാശം നൽകി ഹൈക്കോടതി. എട്ട് ആഴ്ച സാവകാശമാണ് ഹൈക്കോടതി നൽകിയത്. ഏപ്രിൽ 16നകം പിഴ ഒടുക്കണമെന്നായിരുന്നു ഉത്തരവ്.
ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഏപ്രിൽ 16നകം അടയ്ക്കണമെന്നായിരുന്നു ഉത്തരവ്. പിഴ ചുമത്താനുള്ള ഉത്തരവിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. പിഴ ഒടുക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി എട്ടാഴ്ച്ച കൂടി സാവകാശം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യകൂമ്പാരമായെന്ന് കോടതി ചൂണ്ടികാട്ടി.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി എടുക്കണം. കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച ജലസ്രോതസുകളിലെ സാമ്പിളുകളിൽ ഇകോളി ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കലക്ടർ കോടതിയെ അറിയിച്ചു. ഈ വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് കോടതി ചോദിച്ചു.
പ്ലാസ്റ്റിക് വേർതിരിക്കാതെ മാലിന്യം ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. 210-230 ടൺ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ട്. ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.