ഒരേസമയം സംഘികളുടെയും മുസംഘികളുടെയും കൃസംഘികളുടെയും എതിർപ്പ് നേരിടേണ്ടി വരുന്ന പൊതുപ്രവർത്തകരാണ് ഇടതു ചേരിയിലുള്ളവർ. എല്ലാ മതവിഭാഗത്തിലുമുള്ള തീവ്ര നിലപാടുകളോടും അതിശക്തമായി ഇടതുപക്ഷക്കാർ വിയോജിക്കുന്നുവെന്നതാണ് അതിൻ്റെ കാരണം. ബി.ജെ.പിയും, ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കാസയും ഒരുപോലെ കമ്മ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് സഹയാത്രികരെയും എതിർക്കുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല. ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും മാത്രം ഇന്ത്യയിൽ നേരിടുന്ന പ്രത്യേക പ്രശ്നമാണിതെന്നും കെടി ജലീൽ .
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗോൾവാൾക്കറുടെയും മൗലാനാ മൗദൂദിയുടെയും ചിന്താധാരകളെ വിശകലനം ചെയ്ത് ദേശാഭിമാനിയിൽ ഞാൻ എഴുതിയ ലേഖനമാണ് ജമാഅത്തെ ഇസ്ലാമിയുടെ വ്യക്തിപരമായി എന്നോടുള്ള എതിർപ്പിൻ്റെ ആധാരം. “ഇസ്ലാമിക് സ്റ്റേറ്റിനായി” നിലകൊള്ളുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് മൗദൂദിയുടെ ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് പ്രസ്തുത ലേഖനത്തിൽ സമർത്ഥിച്ചിരുന്നു. അന്യായമായ മാർക്സിസ്റ്റ് വിരുദ്ധതയും പിണറായി വിരോധവും ജമാഅത്തെ ഇസ്ലാമി ഒരനുഷ്ഠാനമായി സ്വീകരിച്ച ഘട്ടത്തിലാണ് “ഗോൾവാൾക്കറും മൗദൂദിയും” എന്ന ലേഖനം ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത്.
ആർ.എസ്.എസ്സിൻ്റെ ന്യൂനപക്ഷ-കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അവരുടെ ഹിന്ദു രാഷ്ട്ര സങ്കൽപവും ലേഖനത്തിൽ തുറന്നുകാട്ടിയിരുന്നു. സംഘ്പരിവാരങ്ങളുടെ മതേതര വിരുദ്ധ നിലപാടുകളെ യാതൊരു ദാക്ഷിണ്യവും കൂടാതെ എഴുത്തിലും പ്രസംഗത്തിലും എതിർത്തു പോരുന്നത് അവരെയും എനിക്കെതിരെ തിരിച്ചു. ചില ക്രൈസ്തവ പുരോഹിതരുടെ “ബി.ജെ.പി പ്രേമവും” മുസ്ലിം വിരുദ്ധ പരാമർശങ്ങളും പച്ചക്ക് തുറന്നു കാട്ടിയത് കൃസംഘികളുടെ ഹാലിളക്കത്തിനും ഹേതുവായി.
ഇതിനെല്ലാം പുറമെയാണ് മുസ്ലിംലീഗിൻ്റെ വിരോധം. ലീഗിൻ്റെ പൊന്നാപുരം കോട്ട തകർത്ത് ഇടതുചേരിയിലെത്തിയതിൻ്റെ പക പല ലീഗുകാർക്കും ഇന്നും തീർന്നിട്ടില്ല. അതിനാൽ ഒളിഞ്ഞും തെളിഞ്ഞും എനിക്കെതിരെ ചതിക്കുഴികൾ തീർക്കുന്നതിൽ”അവർ” ജാഗരൂകരാണ്. “പൊന്നും വില” നൽകി ലോകായുക്തയിൽ നിന്ന് അവർ നേടിയ വിധി അതിൻ്റെ പ്രത്യക്ഷ തെളിവാണ്. അതിനെതിരെ രൂക്ഷ പ്രതികരണം നടത്തിയിട്ടും ‘ക’ ‘മ’ ഉരിയാടാൻ വിധി പറഞ്ഞവരോ കേസ് കൊടുത്തവരോ തയ്യാറായില്ല. ആ അദ്ധ്യായം വീണ്ടും തുറന്ന് ചർച്ചയായാൽ കള്ളി വെളിച്ചത്താകും എന്ന് കരുതിയിട്ടാവാം ഇരുകൂട്ടരും മൗനത്തിൽ ഒളിക്കുന്നത്.
ഇടതുസർക്കാരിനെ അട്ടിമറിക്കാൻ പെരുംനുണകളാൽ കെട്ടിപ്പടച്ച നയതന്ത്ര സ്വർണ്ണക്കടത്തും ഖുർആൻ്റെ മറവിലെ സ്വർണ്ണ വിതരണവും ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവും യു.ഡി.എഫ്-ബി.ജെ.പി-ജമാഅത്തെ ഇസ്ലാമി സഖ്യം തിമർത്താടിയത് കേരളം കണ്ടതാണ്. കാവുംപുറത്തെ എൻ്റെ സ്വകാര്യ വസതിയിലേക്ക് മാർച്ച് നടക്കാത്ത ദിവസങ്ങൾ കുറവായിരുന്നു. മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുന്നത് മനസ്സിലാക്കാം. എന്നാൽ സ്വകാര്യ വീടിൻ്റെ ഉമ്മറത്തേക്ക് ഇരച്ച് വന്ന് അയൽവാസികൾക്ക് അലോസരമുണ്ടാക്കുന്ന പുതിയ കീഴ് വഴക്കത്തിന് “കോലീജബി”കൂട്ടുകെട്ട് തുടക്കമിട്ടത്.
ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ ഒരു ചാനൽ ചർച്ചയിൽ എന്നെ “ഭീകരവാദി” എന്ന് വിളിച്ച് ആക്ഷേപിച്ചു. ഇൻവർട്ടഡ് കോമയിൽ ഉപയോഗിച്ച ഒരു വാക്കിൻ്റെ പേരിൽ എന്നെ രാജ്യദ്രോഹിയാക്കി നാടുകടത്താൻ അട്ടഹസിച്ചത് സുരേന്ദ്രനാണ്. ഇടതുപക്ഷത്തെ മുസ്ലിം പേരുകാർക്കെതിരെ സ്ഥിരമായി സംഘികൾ ഉയർത്തുന്ന ആരോപണങ്ങളായതിനാൽ എനിക്കതിൽ ഒട്ടും അൽഭുതം തോന്നിയിട്ടില്ല. ഗോപാലകൃഷ്ണൻ പറഞ്ഞതിൽ സത്യത്തിൻ്റെ വല്ല അംശവുമുണ്ടെന്ന് അവർക്ക് ബോദ്ധ്യമുണ്ടെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എന്നോ പരാതി നൽകുമായിരുന്നു. ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ പുറത്തെടുക്കുന്ന അവസാന അടവായേ ജനങ്ങൾ ഇത്തരം പരാമർശങ്ങളെ കാണുകയുള്ളൂ. അതിനാൽ തന്നെ അവക്കൊന്നും ചെവി കൊടുക്കേണ്ട കാര്യമേയില്ലെന്നാണ് എക്കാലത്തെയും എൻ്റെ പക്ഷം.
ഒരു മുസ്ലിം പേരുള്ളയാളെ എന്തും സംഘികൾക്ക് വിളിക്കാമെന്നത് മോദീ കാലത്ത് അവർക്ക് പതിച്ചു കിട്ടിയ “അവകാശമാണ്”. അതിൽ പരിഭവത്തിൻ്റെ ആവശ്യമില്ല. വിദ്യാർത്ഥി ജീവിത കാലത്ത് മൂന്നു വർഷം നിയമാനുസൃതം അന്ന് പ്രവർത്തിച്ചിരുന്ന “സിമി”യുമായി സഹകരിച്ചു എന്ന കുറ്റത്തിനാണ് ‘ഭീകരവാദി’മുദ്ര എനിക്ക് ചാർത്തി നൽകിയതെങ്കിൽ എന്നെക്കാൾ ആ പട്ടം ചേരുക സിമിയുടെ മുൻ ശൂറാ അംഗവും ലീഗിൻ്റെ ദേശീയ സെക്രട്ടറിയും എം.പിയുമായ അബ്ദുസ്സമദ് സമദാനിക്കാണ്. സിമിയുടെ ലേബലിലാണ് ഫറോക്ക് കോളേജിൽ അദ്ദേഹം വിദ്യാർത്ഥി യൂണിയൻ ചെയർമാനായത്. ഞങ്ങൾ രണ്ട് പേരും സിമിയോട് കലഹിച്ച് രാജിവെച്ച് പോന്ന് വർഷങ്ങൾ കഴിഞ്ഞാണ് സിമി നിരോധിക്കപ്പെടുന്നത്. ഭാഗ്യവശാൽ സമദാനിയെ മുൻ സിമിക്കാരൻ എന്ന് ഒരാളും ആക്ഷേപിക്കാറില്ല. കാരണം ലളിതമാണ്. അദ്ദേഹം ലീഗാണ്. ഞാൻ ഇടതുപക്ഷമാണ്.
സി.പി.ഐ (എം) സഹയാത്രികനായ എന്നെ “ഭീകരവാദി”, “തീവ്രവാദി”, “സുഡാപ്പി” എന്നൊക്കെ വിളിക്കാൻ മുമ്പ് ഞാൻ സിമിയിൽ പ്രവർത്തിച്ചു എന്നെങ്കിലും കാരണം പറയാം. എന്നാൽ മന്ത്രി റിയാസിനെയും എം.എൽ.എ സലാമിനെയും രാജ്യസഭാംഗം റഹീമിനെയും അങ്ങിനെ വിളിക്കുന്നതിൻ്റെ ചേതോവികാരം എന്താണ്? അതൊക്കെ നമുക്ക് വിടാം. ഇന്ത്യയുടെ മുൻ വൈസ് പ്രസിഡണ്ട് ഹമീദ് അൻസാരിയെ ചാനൽ ചർച്ചകളിൽ സംഘ് അനുകൂലികൾ ദേശവിരുദ്ധനെന്നും രാജ്യദ്രോഹിയെന്നുമൊക്കെ വിളിച്ച് കൂവുന്നത് കേട്ട് എൻ്റെ ഹൃദയം പിടച്ചിട്ടുണ്ട്. ലോകപ്രശസ്ത ചിത്രകാരൻ എം.എഫ് ഹുസൈന് രാജ്യം വിടേണ്ടി വന്നതും ഭാരതീയരുടെ ഓർമ്മപ്പുറത്തുണ്ട്. പ്രശസ്ത സിനിമാ സംവിധായകൻ കമലിനെ കമാലുദ്ദീൻ എന്ന് നീട്ടി വിളിച്ച് തീവ്രവാദിയാക്കിയതും നാം കണ്ടതാണ്. ഷാറൂഖാനെ കല്ലെറിഞ്ഞതും വിസ്മരിക്കാനാവില്ല. വർത്തമാന ഇന്ത്യയിൽ സംഘ്പരിവാറിൻ്റെ അനിഷ്ടത്തിന് പാത്രമാകുന്ന എല്ലാവരും വിശിഷ്യാ മുസ്ലിം പേരുള്ളവർ ഇത്തരം വിളികൾക്ക് “അർഹരാണ്”. പണ്ഡിറ്റ് നഹ്റുവും ഡോ: കരൺസിംഗും ഉൾപ്പടെ പലരും ഉപയോഗിച്ച ഒരു വാക്ക് ഞാൻ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് എൻ്റെ മുഖം അടിച്ച് പൊട്ടിക്കണമെന്ന് പരസ്യമായി ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞത്. ബി.ജെ.പി യുഗം അവസാനിക്കുന്നത് വരെ ഇതൊക്കെ മുസ്ലിം പേരുള്ളവർ സഹിച്ചേ പറ്റൂ?
ഗോപാലകൃഷ്ണൻ്റെ “ഭീകരവാദി” പ്രയോഗത്തിൽ കേസു കൊടുക്കാൻ ഉപദേശിച്ച് യു.ഡി.എഫിലെ മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ രംഗത്തിറങ്ങിയിട്ടുണ്ട്. ചില നിഷ്കളങ്കരെങ്കിലും അത് ”ആത്മാർത്ഥമായാണെന്ന്” ചിന്തിച്ചിരിക്കാം.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ചോദിച്ചതിനാണ് ഡൽഹി മുഖ്യമന്ത്രിക്ക് 25000 രൂപ പിഴ ചുമത്തിയത്. നമ്മുടെ രാജ്യത്ത് എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ബാബറി മസ്ജിദ് വിഷയത്തിലും ഹിജാബ് വിവാദത്തിലും മദനിയുടെ കാര്യത്തിലും നാമത് കണ്ടതാണ്. വെറുതേ വടി കൊടുത്ത് അടി വാങ്ങേണ്ടെന്ന് കരുതിയാണ് കേസിനും കൂട്ടത്തിനും പോകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്.
എനിക്കൊരു കിഴുക്ക് കിട്ടുന്നത് കണ്ട് രസിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് നിയമ നടപടിക്ക് വാശി പിടിപ്പിക്കുന്ന എൻ്റെ പുതിയ ”അഭ്യുദയ കാംക്ഷികൾ”. ഭയമുള്ളത് കൊണ്ടാണ് പരാതിപ്പെടാത്തത് എന്നും ചിലർ തട്ടിവിടുന്നത് കേട്ടു. ഭീരുക്കൾ അവരെപ്പോലെയാണ് മറ്റുള്ളവരുമെന്ന് നിരീക്ഷിച്ചാൽ തെറ്റ് പറയാനാവില്ല. എൻ്റെ “തീവ്രവാദ ബന്ധ”മൊക്കെ എൻ.ഐ.എ മുടിനാരിഴ കീറി പരിശോധിച്ചതാണ്. സ്വത്തുവഹകളും നോക്കിയതാണ്. ഒരു ചുക്കും കണ്ടെത്താനായിട്ടില്ല. ആ സാക്ഷ്യപത്രം തന്നെ ധാരാളമാണ്, ഉടുക്കാനും പുതക്കാനുമെന്നും കെടി ജലീൽ .