തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സമരത്തിൽ നിന്ന് 6 ആശുപത്രികളെ കൂടി ഒഴിവാക്കിയതായി നഴ്സസ് അസോസിയേഷൻ അറിയിച്ചു. അമല, ജൂബിലി മിഷന്, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന് ആശുപത്രികൾ വേതനം വര്‍ധിപ്പിച്ചതോടെയാണിത്. ഈ ആശുപത്രികളില്‍ 50% ഇടക്കാലാശ്വാസം നല്കാന് ധാരണയായി.
വേതനം 20% വര്‍ധിപ്പിച്ചു. 24 ആശുപത്രികളില്‍ സമരം തുടരും. തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം നഴ്സുമാര്‍ പണിമുടക്കും.
72 മണിക്കൂർ നീളുന്ന പണിമുടക്കിനിടെ ഐസിയു ജോലികളിൽ നിന്നുൾപ്പെടെ വിട്ടുനിൽക്കുമെന്നാണ് നഴ്സുമാരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്.
പ്രതിദിന വേതനം 1,500 രൂപയായി ഉയർത്തുക, 50% ഇടക്കാല ആശ്വാസം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലാ ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ സമരപ്രഖ്യാപനം നടത്തിയത്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടിവരുമെന്ന് ആശുപത്രികള്‍ ബന്ധുക്കളെ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കു രോഗികളെ മറ്റു ആശുപത്രികളില്‍ എത്തിക്കാന്‍ ആശുപത്രി കവാടത്തില്‍ യുഎന്‍എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി നിലയുറപ്പിക്കും. വെന്റിലേറ്റര്‍, ഐസിയു രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് അയൽ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിർദേശം.