കോട്ടയം: വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവര ശേഖരണം നടത്തി. പൊലീസ് റിപോർട്ട് കൂടി ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കും.
ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതേസമയം, ജോസ് കെ മാണിയുടെ മകന് ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായിരുന്നത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.