തിരുവനന്തപുരം: വീട് വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകം ആക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ലെന്നും ലക്ഷ്മി ദേവി പറഞ്ഞു.
കാറ് പോലും കയറാത്ത വീട്ടിൽ താമസിക്കുന്നതിന് പോലും അസൗകര്യം ഉള്ള സ്ഥിതിക്കാണ് വിൽപ്പന നടത്തിയത്. അതിനുള്ള പൂര്‍ണ്ണ അവകാശവും ഉണ്ട്. വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സ്മാരകമാക്കാൻ താൽപര്യമുണ്ടെങ്കിൽ തൊട്ടടുത്ത് തന്നെയുള്ള അഭയ എന്ന തറവാട് വീടാണ് അതിന് അനുയോജ്യമെന്നും ലക്ഷ്മി ദേവി പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം നന്ദാവനത്ത് സുഗതകുമാരി വർഷങ്ങളായി ജീവിച്ച വീടാണ് വരദ. വഴി ഇല്ലാത്തതിനാൽ സുഗതകുമാരിയുടെ മരണശേവശം ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന്, ആ വീട് വിൽക്കാനുള്ള മകളുടെ തീരുമാനമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. വരദയിൽ പ്രവേശിക്കുവാൻ ഉള്ള വഴി അടച്ചതിനാലാണ് ഈ വീട് സ്മാരകമാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാതിരുന്നത് എന്നും അവർ വ്യക്തമാക്കി. ഇനി വീട് സ്മാരകമാക്കണമെങ്കിൽ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്ത്യായനി അമ്മയും ചേർന്ന് നിർമിച്ച അഭയയെ പരിഗണിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. സഹോദരിമാരായ ഹൃദയകുമാരി, സുജാതാദേവി എന്നിവരുമൊത്ത് സുഗതകുമാരി ജീവിതത്തിനതിന്റെ ഭൂരിഭാഗം സമയവും ജീവിച്ച വീടാണ് അതെന്ന് അവർ അറിയിച്ചു.
സുഗതകുമാരിയുടെ വീട് വിൽപ്പന നടത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. അതിനിടെ, സുഗതകുമാരിയുടെ ഓര്‍മ്മകളുള്ള തിരുവനന്തപുരത്തെ വീട് സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വീട് വാങ്ങിയവരിൽ നിന്നും സർക്കാർ ഇടപെട്ട് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകി.