ഹൈദരാബാദ്: ഐപിഎല്‍ 16-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. തുടര്‍ ജയങ്ങളുടെ പകിട്ടുമായെത്തിയ പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍ത്തത്.
പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മാറികടന്നു. അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്.
48 പന്തുകള്‍ നേരിട്ട രാഹുല്‍ മൂന്ന് സിക്സും 10 ഫോറുമടക്കം 74 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം 21 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 37 റണ്‍സോടെ പുറത്താകാതെ നിന്ന് രാഹുലിന് ഉറച്ച പിന്തുണ നല്കി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു.
ഹാരി ബ്രൂക്ക്സ് (13), മായങ്ക് അഗര്‍വാള്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന് ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തത്. ശിഖര്‍ ധവാന് 66 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു.88-9 എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബ് 100 കടക്കില്ലെന്ന് കരുതിയെങ്കിലും അവസാവ വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ധവാനും മൊഹിത് റാത്തീയും ചേര്‍ന്ന് 55 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇതില്‍ റാത്തീയുടെ സംഭാവന ഒരു റണ്‍സ് മാത്രമായിരുന്നു. ധവാന് പുറമെ 22 റണ്‍സെടുത്ത സാം കറന് മാത്രമെ പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നുള്ളു.
പ്രഭ്സിമ്രാന് (0), മാത്യു ഷോട്ട് (1), ജിതേഷ് ശര്‍മ (4), സിക്കന്ദര്‍ റാസ (5), ഷാരൂഖ് ഖാന് (4) എന്നിവരെല്ലാം പരാജയമായി.
നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മായങ്ക് മാര്‍ക്കാണ്ഡേയാണ് പഞ്ചാബിനെ തകര്‍ത്തത്. മാര്‍ക്കോ യാന്‍സനും ഉമ്രാന് മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.