തിരുവനന്തപുരം: മംഗലപുരത്ത് കാരംസ് കളിക്കിടയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പതിനഞ്ചുകാരന് ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്ന് ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. ക്വട്ടേഷന്‍ ശേഷം മടങ്ങവേ പ്രതികള്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം കവരുകയും ചെയ്തു. ക്വട്ടേഷന്‍ നല്കിയ പതിനഞ്ചുകാരന് ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച നോമ്പുതുറയുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിൽപ്പെട്ടവർ പള്ളിക്ക് സമീപത്തുവെച്ച് ചിലരുമായി തർക്കമുണ്ടായിരുന്നു. അതിനുശേഷം ഗൂണ്ടാസംഘത്തിൽപ്പെട്ട കൂടുതൽ ആളുകളെത്തി ആക്രമണം നടത്തുകയായിരുന്നു. ഇതിൽ പതിനഞ്ചുകാരൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
15കാരനെ ചോദ്യം ചെയ്തതിൽനിന്നുണ് സംഭവം ക്വട്ടേഷനാണെന്ന് പോലീസിനു വിവരം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശി ഷെഹിൻ, ഷാനവാസ് എന്നിവരെയും 15കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയവരാണ് ഷെഹിനും അഷ്റഫും.
കുത്തേറ്റ മംഗലപുരം സ്വദേശി നിസാമുദ്ദീന്റെ നില ഗുരുതരമായി തുടരുകയാണ്. വാരിയെല്ലിന് കുത്തേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.