അഹമ്മദാബാദ്: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ഓവറിൽ 29 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തിൽ റിങ്കു സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് രണ്ടാം വിജയം നേടിക്കൊടുത്തത്. ഗുജറാത്ത് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യത്തിൽ അവസാന പന്തിലാണ് കൊൽക്കത്തയെത്തിയത്. 21 പന്തിൽ 48 റൺസെടുത്ത് റിങ്കു സിങ് പുറത്താകാതെ നിന്നു.
വലിയ ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ കോൽക്കത്തയ്ക്കായി വെങ്കടേഷ് അയ്യർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 40 പന്തിൽ അഞ്ച് സിക്സും എട്ട് ഫോറും ഉൾപ്പെടെ 83 റണ്‍സാണ് വെങ്കടേഷ് അയ്യർ അടിച്ചെടുത്തത്. നിതീഷ് റാണ 29 പന്തിൽ 45 റണ്‍സും നേടി.
15.5 ഓവറിൽ 154 റണ്‍സിൽനിൽക്കെ കോൽക്കത്തയ്ക്ക് വെങ്കിടേഷ് അയ്യരെ നഷ്ടമായി. പിന്നീട് ഹാട്രിക്കുമായി റഷീദ് ഖാൻ കോൽക്കത്തയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. കളി കൈവിട്ടു എന്ന് തോന്നിയിടത്തുനിന്നുമാണ് റിങ്കു സിംഗ് ഒറ്റയാൻ പോരാട്ടം നയിച്ചത്. 21 പന്തിൽ പുറത്താകാതെ ആറ് സിക്സും ഒരു ഫോറും ഉൾപ്പെടെ 48 റണ്‍സാണ് റിങ്കു നേടിയത്.
റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അൽസാരി ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. സായ് സുദർശൻ 38 പന്തിൽ 53 റൺസെടുത്തു പുറത്തായി. ഓൾ റൗണ്ടർ വിജയ് ശങ്കര്‍ 24 പന്തുകളിൽനിന്ന് 63 റൺസുമായി പുറത്താകാതെനിന്നു. അവസാന ഓവറുകളിൽ വിജയ് ശങ്കർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ഗുജറാത്തിനെ 200 കടത്തിയത്. 21 പന്തുകളിൽ 50 തികച്ച വിജയ് ശങ്കർ അഞ്ച് സിക്സും നാലു ഫോറുകളും അടിച്ചു.
കോൽക്കത്തയ്ക്കായി സുനിൽ നരയ്ൻ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ കോൽക്കത്ത് നാല് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.