ന്യൂഡൽഹി: ഈസ്റ്ററിനോടനുബന്ധിച്ച് ഡൽഹി ഗോൾഡാഘാന സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകുന്നേരം 5.45ഓടെയാണ് പ്രധാനമന്ത്രി ദേവാലയത്തിലെത്തിയത്.
ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മോദിയുടെ സന്ദർശനവും. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ദേവാലയത്തിൽനടന്ന പ്രാർഥനകളിലും പ്രധാനമന്ത്രി പങ്കെടുത്തു. എല്ലാവർക്കും ഈസ്റ്റർ ആശംസകളും പ്രധാനമന്ത്രി നേർന്നു. 20 മിനിറ്റ് നീണ്ടുനിന്ന സന്ദർശനത്തിൽ ദേവാലയത്തിന്റെ അങ്കണത്തിൽ ഒരു ചെടിയും നട്ട ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശുക്രിസ്തുവിന്റെ ചിന്തകളെ നാം ഓർമിക്കുന്ന ദിവസമെന്നും മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും ഇതേ ദേവാലയത്തിൽ സന്ദർശനം നടത്തിയിരുന്നു.
അതേസമയം, കേരളത്തില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരെ നേരില്‍കണ്ട് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ ബിഷപ്പ് ഹൌസുകളിലെത്തി മതമേലധ്യക്ഷന്മാരെ കണ്ടപ്പോള്‍ സംസ്ഥാന,ജില്ലാ നേതാക്കള്‍ വീടുകളിലെത്തിയാണ് ആശംസ അറിയിച്ചത്.