മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. വെടിക്കെട്ട് പ്രകടനം നടത്തി ഏവരെയും അത്ഭുതപ്പെടുത്തിയ അജിങ്ക്യ രഹാനെയാണ് ചെന്നൈയുടെ വിജയശില്‍പ്പി. ബൗളിങ്ങില്‍ രവീന്ദ്ര ജഡേജയും ചെന്നൈയ്ക്ക് വേണ്ടി തിളങ്ങി.
ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ചെന്നൈ നേടുന്ന രണ്ടാം വിജയമാണിത്. മറുവശത്ത് മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി. ഈ സീസണില്‍ ഇതുവരെ വിജയിക്കാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല.
158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറില്‍ തന്നെ കോണ്‍വെയെ നഷ്ടമായപ്പോള്‍ ചെന്നൈ പതുങ്ങുമെന്ന് കരുതിയ മുംബൈയെ ഞെട്ടിച്ചാണ് അജിങ്ക്യാ രഹാനെ തുടങ്ങിയത്. 19 പന്തില്‍ രഹാനെ അര്‍ധസെഞ്ചുറി കുറിക്കുമ്പോള്‍ മറുവശത്ത് റുതുരാജ് 11 പന്തില്‍ ഏഴ് റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ സിക്സിന് ശ്രമിച്ച രഹാനെ പുറത്തായി.
പിന്നാലെ വന്ന ശിവം ദുബെയും നന്നായി ബാറ്റുവീശാന്‍ ആരംഭിച്ചതോടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു. എന്നാല്‍ ടീം സ്കോര്‍ 125-ല്‍ നില്‍ക്കെ ദുബെ പുറത്തായി. കാര്‍ത്തികേയയുടെ പന്തില്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച ദുബെയുടെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് പിഴുതു. 26 പന്തില്‍ 28 റണ്‍സെടുത്തശേഷമാണ് താരം ക്രീസ് വിട്ടത്. പിന്നാലെ വന്ന അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ഋതുരാജ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഋതുരാജ് 40 റണ്‍സെടുത്തും അമ്പാട്ടി റായുഡു 20 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി കുമാര്‍ കാര്‍ത്തികേയ, പീയുഷ് ചൗള, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന് കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്.ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചല്‍ സാന്റ്നര്‍ രണ്ടും വിക്കറ്റെടുത്തു.