തിരുവനന്തപുരം: പുതിയ കെഎസ്യു ഭാരവാഹി പട്ടികയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും. കേസിലെ നാലാം പ്രതിയായ നിധിന് ലൂക്കോസ് ആണ് കെഎസ്യു ഇടുക്കി ജില്ല പ്രസിഡന്റ്. അഞ്ചാംപ്രതി ജിതിന് ഉപ്പുമാക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നിയമിതനായി.
ധീരജ് വധക്കേസിലെ പ്രതികള്‍ക്ക് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് തന്നെ പരസ്യപ്രസ്താവന നടത്തിയതാണ്. പിന്നാലെ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത് എന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് നിലനില്‍ക്കെയാണ് നിധിന് ലൂക്കോസും, ജിതിന് ഉപ്പുമാക്കലും കെഎസ്യുവിന്റെ പുതിയ ഭാരവാഹിസ്ഥാനത്തേക്ക് എത്തുന്നത്.
കെഎസ്യു സംസ്ഥാന കമ്മിറ്റി ഇന്നാണ് പുനസംഘടിപ്പിച്ചത്. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ കമ്മിറ്റിയിലുള്ളത്. ഈ 30 ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് ജിതിൻ ഉപ്പുമാക്കൽ. 43 പേരടങ്ങിയ പുതിയ സംസ്ഥാന നിർവാഹ സമിതിയെയും കെഎസ്യു തെരഞ്ഞെടു്തു. 21 കൺവീനർമാർക്ക് പ്രധാന സർവകലാശാലകളുടെയും കോളേജുകളുടെയും ചുമതല നൽകി.
മുഴുവൻ ഗ്രൂപ്പുകൾക്കും പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ടാണ് കമ്മിറ്റി നിലവിൽ വന്നത്. അലോഷ്യസ് സേവ്യറിനെ സംസ്ഥാന പ്രസിഡന്റായും ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചിരുന്നു. ആൻ, ഷമ്മാസ് എന്നിവരെ പുതിയ പട്ടികയിൽ സംസ്ഥാനത്തെ കെഎസ്യുവിന്റെ സീനിയർ വൈസ് പ്രസിഡന്റുമാരായി പുനർനാമകരണം ചെയ്തിട്ടുണ്ട്.