തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതിനിടെ വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്കി.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. മറ്റ് സജ്ജീകരണങ്ങളും ഉറപ്പാക്കണമെന്നും ആശുപത്രികള്‍ക്ക് നിര്‍ദേശമുണ്ട്.
പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണമെന്ന് മന്തി പറഞ്ഞു. അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മാസ്ക് ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണം. കോവിഡ് രോഗികള്‍ കൂടുന്നത് മുന്നില്‍ കണ്ട് ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. ഇവിടങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോള്‍ അവര്‍ എന്‍ 95 മാസ്ക് ധരിക്കണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് പുതിയ 1,801 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധയാണുള്ളത്.