പെരുമ്പാവൂർ: അറുപത്തഞ്ചുവർഷത്തോളമായി പെരുമ്പാവൂർ പട്ടണത്തിലെ പലചരക്കു ചില്ലറ, മൊത്ത വ്യാപാരമേഖലയിൽ
വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ബീന സ്റ്റോഴ്സ്. എ.എം. റോഡും എം.സി. റോഡും സംഗമിക്കുന്ന കാലടി ജംഗ്ഷനു സമീപത്ത് പരേതനായ മാണിയാലിൽ പുരുഷോത്തമൻ (പുരുഷൻ) തുടങ്ങി വെച്ച സ്ഥാപനമാണ് ബീന സ്റ്റോർ. വ്യാപാര മേഖലയിൽ അജയ്യനായിരുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ സജീവന്റെ (65) നിര്യാണം ശനിയാഴ്ച രാവിലെ 7.30-യോടെയായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ നഗരത്തിലെ വ്യാപാരി സമൂഹം ദുഃഖം രേഖപ്പെടുത്തി.
ന്യായവിലയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്തു പേരെടുത്ത അച്ഛന്റെ വഴിയിലൂടെ തന്നെയായിരുന്നു സജീവനും പലചരക്കു വ്യാപാരരംഗത്ത് നിലനിന്നത്. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ വരുന്നതിനു മുമ്പുള്ള പഴയകാലത്ത് പെരുമ്പാവൂരിലെ പലചരക്കു കച്ചവടം ‘ബീനയ്ക്കു മാത്രം സ്വന്ത’മായിരുന്നു എന്നു പറയാം. കച്ചവടത്തിരക്കിൽ ഇവരുടെ കടയ്ക്കു മുമ്പിൽ കാത്തുനിന്ന് സാധനങ്ങൾ വാങ്ങാനും ആളുകൾ തയ്യാറായിരുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത അച്ഛന്റെ കർക്കശ നിലപാട് ചെറുപ്പം മുതലേ കണ്ടുപഠിച്ചത് സജീവനായിരുന്നു. പരിസരദേശങ്ങളിലെ ചില്ലറ വ്യാപാരികൾ പലചരക്കുകൾ വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. നഗരത്തിലെ വ്യാപാര മേഖല അടിമുടി മാറിയതോടെ ഇവർക്കും കച്ചവടത്തിൽ ഇടിവുണ്ടായി. പ്രമേഹരോഗബാധിതനായതോടെ സജീവന് കച്ചവടത്തിൽ ശ്രദ്ധിയ്ക്കാനാകാതെയും വന്നിരുന്നു. മാസങ്ങളായി കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊവിഡ് ബാധിയ്ക്കുകയും ചെയ്തു.
സാമൂഹിക, സന്നദ്ധ സംഘടനകൾക്കായി സഹായങ്ങൾ നൽകാൻ മനസ്സുകാണിച്ചിരുന്നു സജീവൻ. കളരിമർമ്മാണി ചികിത്സയിൽ പ്രാഗത്ഭ്യം നേടിയിരുന്നതിനാൽ ധാരാളം രോഗികൾ ഇദ്ദേഹത്തിന്റെ സൗജന്യസേവനം ഉപയോഗപ്പെടുത്തി യിരുന്നു. ആശയാണ് ഭാര്യ. ആയുർവ്വേദ ഡോക്ടറായ ഹീര, ഹിരൺ എന്നിവരാണ് മക്കൾ. പെരുമ്പാവൂരിൽ മന്ദാരം ആയുർവ്വേദിക് വെൽനെസ്സ് സെന്റർ നടത്തുന്ന ഡോ. തുഷാർ ബാബു (മോനിപ്പള്ളി) ആണ് മരുമകൻ. ഏറ്റവും മൂത്ത സഹോദരൻ, പെരുമ്പാവൂരിലെ ബീന ടെക്സ്റ്റൈൽസ് ഉടമ പ്രസാദ്. ഇളയ സഹോദരൻ ബൈജു, ഗോൾഡൻഗേറ്റ് ബ്രാൻഡഡ് ഷർട്ട് നിർമ്മാതാവാണ്. ദശാബ്ദങ്ങൾക്കുമുമ്പ് പറവൂരിൽ നിന്നും പെരുമ്പാവൂരിൽ കുടിയേറിയ പുരുഷോത്തമൻ, തന്റെ ഏറ്റവും ഇളയ മകൾ ബീനയുടെ പേരിലൂടെ വ്യാപാരരംഗത്ത് വിജയഗാഥ രചിച്ചത്. വ്യാപാരകുടുംബത്തിലെ ഒരു പ്രധാനകണ്ണിയാണ് സജീവന്റെ വിയോഗത്തിലൂടെ വിട്ടകന്നത്. ഉഷയും ലീനയുമാണ് മറ്റു സഹോദരിമാർ. മൃതദ്ദേഹം കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മലമുറി മുനിസിപ്പൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.