ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു രണ്ടാം വിജയം. ഗുവാഹത്തിയിൽ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണു രാജസ്ഥാൻ റോയല്‍സിന്റെ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തി 57 റണ്‍സിന്റെ വിജയമാണ് രാജസ്ഥാൻ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് എടുത്തത്. റോയല്‍സിന് വേണ്ടി ജോസ് ബട്ലറും (79) യശ്വസി ജയ്സ്വാളും (60) അര്‍ധ സെഞ്ചുറി നേടി.
മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ക്ക് (65) മാത്രമാണ് ക്യാപിറ്റല്‍സ് നിരയില്‍ മികവ് പുറത്തെടുക്കാനായുള്ളൂ. 38 റണ്‍സെടുത്ത ലളിത് യാദവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
രാജസ്ഥാന് വേണ്ടി ട്രെൻഡ് ബോള്‍ട്ടും ചഹലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഓപ്പണർമാരായ ജോസ് ബട്ലറിന്റെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചറിക്കരുത്തിലാണു രാജസ്ഥാന്റെ കുതിപ്പ്. ക്യാപ്റ്റൻ സഞ്ജു സാംസൺ പൂജ്യത്തിനു പുറത്തായത് രാജസ്ഥാന് റോയൽസ് ആരാധകർക്കു നിരാശയായി. 51 പന്തുകൾ നേരിട്ട ജോസ് ബട്ലര് 79 റൺസെടുത്തു. ജയ്സ്വാൾ 31 പന്തിൽ 60 റൺസും നേടി.
അവസാന പന്തുകളിൽ തകർത്തടിച്ച് വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയർ രാജസ്ഥാൻ ഇന്നിങ്സിൽ നിർണായകമായി. 98 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ജയ്സ്വാളും ബട്ലറും ചേർന്നു നേടിയത്. മുകേഷ് കുമാർ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. നേരിട്ട നാലാം പന്തിൽ സിക്സിനു ശ്രമിച്ച സഞ്ജു സാംസണെ ആൻറിച് നോർട്യ ക്യാച്ചെടുത്തു പുറത്താക്കി.
റിയാൻ പരാഗും നിരാശപ്പെടുത്തി. 11 പന്തുകൾ നേരിട്ട പരാഗ് 17 റൺസാണ് നേടിയത്. ഹെറ്റ്മിയറെ കൂട്ടുപിടിച്ച് ബട്ലർ സ്കോർ 150 കടത്തി. പിന്നാലെ മുകേഷ് കുമാറിന്റെ പന്തിൽ ബട്ലർ പുറത്തായി. അവസാന ഓവറുകളിൽ ഹെറ്റ്മിയർ തകർത്തടിച്ചതോടെ രാജസ്ഥാൻ സ്കോർ 199 ലെത്തി. 21 പന്തിൽ 39 റണ്‍സെടുത്ത ഹെറ്റ്മിയർ നാല് സിക്സുകളാണു ഗാലറി കടത്തിയത്. ധ്രുവ് ജുറേൽ മൂന്ന് പന്തിൽ എട്ട് റൺസുമായി പുറത്താകാതെ നിന്നു.
ഡൽഹിക്കുവേണ്ടി മുകേഷ് കുമാർ രണ്ടും കുൽദീപ് യാദവ്, റോവ്മൻ പവൽ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
രണ്ടാം ജയത്തോടെ നാലു പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ഡൽഹി ഒൻപതാം സ്ഥാനത്താണ്.