ചെന്നൈ: തദ്ദേശ നിർമിത അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന്റെ ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പിന്നാലെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. 1057 രൂപ മുതല്‍ 2310 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് സംസ്ഥാനത്ത് കൂടി സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് തീവണ്ടിക്ക് മോദി പച്ചക്കൊടി വീശിയത്. ബംഗളൂരു – മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് മാസങ്ങൾക്ക് മുമ്പ് സർവീസ് ആരംഭിച്ചിരുന്നു.
പൂർണമായും തമിഴ്നാട്ടിൽ കൂടി സഞ്ചരിക്കുന്ന ആദ്യ വന്ദേ ഭാരത് തീവണ്ടിക്ക് ചെന്നൈ – കോയമ്പത്തൂർ റൂട്ടിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാകും ഉണ്ടാവുക. സേലം, ഈറോഡ്, തിരൂപ്പൂർ എന്നിവിടങ്ങളിൽ മാത്രം നിർത്തുന്ന ട്രെയിൻ ബുധനാഴ്ച ഒഴിച്ച് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും.
ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും രാവിലെ ആറിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 11.50-ന് ചെന്നൈയിലെത്തും. ചെന്നൈയില്‍നിന്ന് ദിവസവും ഉച്ചയ്ക്ക് 2.25-ന് പുറപ്പെട്ട് രാത്രി 8.15-ന് കോയമ്പത്തൂരിലെത്തും. തീവണ്ടിയില്‍ ഭക്ഷണംനല്കും. ഭക്ഷണം അടക്കം ചെയര്‍ കാറിന് 1215 രൂപയും എക്സിക്യുട്ടീവ് കോച്ചില്‍ 2310 രൂപയുമാണ് നിരക്ക്.
ഭക്ഷണം ആവശ്യമില്ലാത്തവര്‍ക്ക് നിരക്ക് യഥാക്രമം 1057 രൂപയും 2116 രൂപയുമാണ്. വന്ദേഭാരതിന്റെ യാത്രാസമയം അഞ്ച് മണിക്കൂര്‍ 50 മിനിറ്റാണ്. മണിക്കൂറില്‍ ശരാശരി 110 കിലോമീറ്റര്‍ വേഗതയുണ്ടാവും. എട്ട് എ.സി. കോച്ചുകളുമായാണ് തുടക്കത്തില്‍ വണ്ടി ഓടുക. 536 സീറ്റുകളുണ്ടാകും. കോച്ചുകളുടെ എണ്ണം പീന്നീട് 16 ആയി ഉയര്‍ത്തും. സേലം, ഈറോഡ്, തിരുപ്പൂര്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ട്.
തമിഴ്നാട്ടില്‍നിന്ന് സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് തീവണ്ടിയാണിത്. ചെന്നൈ-മൈസൂരു-ചെന്നൈ വന്ദേഭാരത് സര്‍വീസ് തുടങ്ങിയെങ്കിലും പുതിയ വണ്ടി തമിഴ്നാട്ടില്‍മാത്രമാണ് യാത്ര നടത്തുക.