കേരളം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. 2023ലെ ദേശീയ പഞ്ചായത്ത് അവാർഡുകളിൽ നാല് പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ച അഭിമാനകരമായ വിവരം സന്തോഷപൂർവ്വം നിങ്ങളുമായി പങ്കുവെക്കട്ടെ. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിനായി വിലയിരുത്തൽ നടത്തിയത്.
രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്തതയുടെ കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സൽഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി. പുരസ്കാരങ്ങൾ ഏപ്രിൽ 17 ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയ നാല് പഞ്ചായത്തുകളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഈ നേട്ടം പ്രചോദനമാകട്ടെ. വിജയികൾക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.