അല്ലയോ പ്രതിപക്ഷ നേതാവേ , താങ്കൾ പാമൂക്കിനെ വായിച്ചോ ഇല്ലയോ എന്നതല്ല പാവപ്പെട്ട പൗരന്മാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ എന്ത് നിലപാടെടുത്തു , എന്ത് സമരം ചെയ്തു , എന്ത് റിസൾട്ട് ഉണ്ടായി എന്നതാണ് ചോദ്യമെന്ന് സന്ദീപ് ജി വാര്യർ.
കെട്ടിട നിർമ്മാണ പെർമിറ്റിന് വേണ്ടി സാധാരണക്കാരൻ ലോണെടുക്കേണ്ട അവസ്ഥയിലാണ് വർദ്ധനവ് വരുത്തിയിട്ടുള്ളത് . 1600 സ്ക്വയർ ഫീറ്റ് വീടിന് പതിനയ്യായിരം രൂപയെങ്കിലും പെർമിറ്റ് ഫീസടക്കണം . അഞ്ഞൂറോ അറുനൂറോ രൂപക്ക് ലഭിച്ചിരുന്ന ലൈസൻസിനാണ് ഒറ്റയടിക്ക് പതിനയ്യായിരമാക്കിയത് . സ്‌ക്വയർ മീറ്ററിന് മൂന്നര രൂപയിൽ നിന്ന് ഒറ്റയടിക്ക് അമ്പത് രൂപയാക്കി വർദ്ധിപ്പിച്ചു . പ്രതിപക്ഷത്തുള്ള കോൺഗ്രസ്സ് അനങ്ങിയോ ? ഒരു വാക്ക് പറഞ്ഞോ ?
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച കെ എസ് ആർ ടിസി ജീവനക്കാരിക്കെതിരെ അച്ചടക്കനടപടി ഉണ്ടായി . കോൺഗ്രസ്സ് അനങ്ങിയോ ?
ബസ് ചാർജ് , വൈദ്യുതി , വെള്ളം , പാൽ , പച്ചക്കറി തുടങ്ങി എല്ലാത്തിനും അയൽ സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ വില കൂടുതൽ . പെട്രോളിനും ഡീസലിനും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൻ വിലക്കൂടുതൽ . താങ്കളുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം എന്ത് ചെയ്തു ? എന്ത് റിസൽട്ട് ഉണ്ടായി ?
അനിൽ ആന്റണി കോൺഗ്രസ്സിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്ന പ്രതിപക്ഷ നേതാവ് , അദ്ദേഹം സ്വന്തം ചുമതലകൾ എപ്രകാരമാണ് നിർവ്വഹിക്കുന്നത് എന്ന് കൂടി ആത്മപരിശോധന നടത്തണം . അനിൽ ആന്റണി പിണറായിയുടെ ഔദാര്യത്തിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നടത്തിയിട്ടില്ല . ഇന്നോവ ക്രിസ്റ്റക്ക് വേണ്ടി പാർട്ടി താല്പര്യം പണയം വച്ചിട്ടില്ല , വ്യക്തിപരമായ ഇമേജ് സംരക്ഷിക്കാൻ പാർട്ടി സമരങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല . മറിച്ച് രാജ്യ വിരുദ്ധമായ നിലപാടുകളെ ആ ദേശസ്നേഹിയായ ചെറുപ്പക്കാരൻ എതിർത്തു . നെഹ്‌റു കുടുംബമല്ല രാജ്യമാണ് പ്രധാനം എന്ന് സധൈര്യം പ്രഖ്യാപിച്ചു , അന്തസ്സായി രാജിവച്ച് ഇറങ്ങിപ്പോന്നു .
അനിൽ ആന്റണി നെഹ്‌റു കുടുംബത്തിന്റെ ദേശവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തു എന്നത് തന്നെയാണ് അദ്ദേഹം ആ പാർട്ടിക്ക് നൽകിയ ഏറ്റവും വലിയ സേവനം . രാജാവ് നഗ്നനാണ് എന്ന് പറയാൻ ധൈര്യം കാണിച്ച അനിൽ ആന്റണിയാണ് യഥാർത്ഥ ഹീറോ .