വീടും ഭൂമിയുമില്ലാത്ത പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച ലൈഫ് ഫ്ലാറ്റുകളാണ് ചിത്രത്തിൽ. ഈ ഫ്ലാറ്റുകള്‍ക്ക് അവകാശികളാകാൻ പോകുന്നത് ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങളാണ്. ലൈഫ് മിഷൻ നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് ഭവന സമുച്ചയങ്ങള്‍ ശനിയാഴ്ച പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. കണ്ണൂര്‍ കടമ്പൂര്, കൊല്ലം പുനലൂര്‍, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ഈ ഭവന സമുച്ചയങ്ങളെന്ന് മന്ത്രി എംബി രാജേഷ്.
6.7 കോടി മുതൽ 7.85 കോടി വരെ ചെലവഴിച്ചാണ് ഈ ഓരോ ഭവനസമുച്ചയവും പൂര്‍ത്തിയാക്കിയത്. ഓരോ യൂണിറ്റിലും ഹാള്‍, രണ്ട് കിടപ്പുമുറികള്‍, അടുക്കള, കക്കൂസ്, കുളിമുറി, ബാല്‍ക്കണി എന്നിവയുണ്ട്. പൊതുവായ ഇടനാഴിയും കുഴൽകിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവുമെല്ലാം ഓരോ സമുച്ചയത്തിലും ഉറപ്പാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ കടമ്പൂരിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടമ്പൂരിലെ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവര്‍കോവിൽ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അതേ സമയം തന്നെ കൊല്ലം പുനലൂരിലെ ഭവനസമുച്ചയത്തിൽ മന്ത്രിമാര്‍ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും, കോട്ടയം വിജയപുരത്ത് വി എൻ വാസവനും, ഇടുക്കി കരിമണ്ണൂരിൽ റോഷി അഗസ്റ്റിനും അതാതിടത്തെ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നൂറ് ദിന പരിപാടിയിലുള്പ്പെടുന്നതാണ് ഈ ചടങ്ങ്.
എല്ലാവര്ക്കും അടച്ചുറപ്പുള്ള വീട് ലഭ്യമാക്കാനുള്ള ശ്രദ്ധേയ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ലൈഫ് മിഷൻ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന 29 ഭവനസമുച്ചയങ്ങളില്‍ ആദ്യത്തെ നാലെണ്ണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് പൂർത്തിയായത് 3,39,822 വീടുകളാണ്. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്ത്. ഇതിൽ അരലക്ഷത്തിലധികം (54,430) വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160 വീടുകളുടെ നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.