കോട്ടയം: എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം രാജിവച്ചു. എവൈഎഫിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് റെനീഷിന്റെ രാജി. ‘നട്ടെല്ല് വളയുന്നില്ല’ എന്ന അസുഖം ബാധിച്ചെന്നാണ് രാജിയെ തുടര്‍ന്ന് റെനീഷ് കാരിമറ്റം നേതൃത്വത്തെ പരിഹസിച്ചത്.
ഫേസ്ബുക്കിലൂടെ രാജിവച്ച റെനീഷിനെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി എഐവൈഎഫ് പത്രക്കുറിപ്പും പുറത്തിറക്കി. “എഐവൈഎഫിൽ നിന്നും രാജിവയ്ക്കുന്നു. നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്നാണ് രാജിവയ്ക്കുന്നത്. നട്ടെല്ല് വളയുന്നില്ല എന്നുള്ളതാണ് പ്രശ്നം’ എന്നാണ് റെനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
നീതിബോധം ഉള്ളവര്‍ക്ക് തുടര്‍ന്നു പോകാന്‍ പാടാണെന്ന് പുറത്താക്കിയ അറിയിപ്പിന് പിന്നാലെ റനീഷ് പ്രതികരിച്ചു. ‘നേരത്തേ രാജി വയ്ക്കണമെന്ന് വിചാരിച്ചിരുന്നതാണ്. ഇന്ന് രാജി വച്ചു. രാജിക്കത്ത് കൊടുക്കുന്നില്ല. 48 മണിക്കൂര്‍ വിശദീകരണത്തിന് സമയം തന്നതിനു ശേഷം പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന ഇട്ടതിലൂടെ സ്റ്റേറ്റ് നേതൃത്വത്തിന്റെ താല്പര്യങ്ങള് വ്യക്തമാണല്ലോ?’ എന്നും റനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എഐവൈഎഫ് ജില്ലാ സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് അംഗവുമായ എസ്.പി.സുജിത്ത് സംഘടനയിൽ നിന്നും അവധിയെടുത്ത് വിദേശത്തേക്ക് പോയതോടെയാണ് സംഘടനയിലും പാർട്ടി ജില്ലാ ഘടകത്തിലും ഇത് സംബന്ധിച്ച തർക്കങ്ങൾ തുടങ്ങിയത്. ആക്ടിംഗ് സെക്രട്ടറിയായി ശരത് രവീന്ദ്രനെ ആദ്യം നിയോഗിച്ചു.
എന്നാൽ പിന്നീട് അവധി അവസാനിപ്പിച്ച് സുജിത്ത് തിരിച്ചെത്തിയ ഉടൻ മുണ്ടക്കയത്ത് ജില്ലാ കൺവൻഷൻ വിളിച്ച് വീണ്ടും സെക്രട്ടറി സ്ഥാനം ഏറ്റു. തൊട്ടടുത്ത ആഴ്ച നിലയ്ക്കലിൽ ചേർന്ന സംസ്ഥാന ക്യാമ്പിൽ എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവിലേക്കും സുജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി സ്ഥാനം ഏറ്റ് ദിവസങ്ങൾക്കുള്ളിൽ സുജിത്ത് വീണ്ടും വിദേശ വാസത്തിന് പോയി. യുവജനക്ഷേമ ബോർഡ് അംഗമെന്ന നിലയിൽ സർക്കാർ അനുകൂല്യങ്ങൾ ലഭിക്കുന്ന ജില്ലാ സെക്രട്ടറിയുടെ തുടർച്ചയായ വിദേശ വാസം ജില്ലാ ഘടകത്തിൽ കടുത്ത് എതിർപ്പുണ്ടാക്കി.
വിഷയത്തിൽ സിപിഐ നേതൃത്വം ഇടപെട്ട് ഷമ്മാസ് ലത്തീഫിനെ എഐവൈഎഫ് ആക്ടിംഗ് സെക്രട്ടറിയാക്കിയതോടെ തർക്കം രൂക്ഷമായി. സംഘടനാ പാരമ്പര്യമില്ലാത്ത ഷമ്മാസിനെ നേതൃത്വം തിരുകി കയറ്റിയെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനുവിന്റെ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നു.