കൊല്‍ക്കത്ത: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 81 റണ്‍സിന് തകര്‍ത്താണ് കൊല്‍ക്കത്ത വിജയമാഘോഷിച്ചത്. കൊൽക്കത്ത ഉയർത്തിയ 205 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 17.4 ഓവറിൽ 123 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ബാംഗ്ലൂര്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.
തുടക്കത്തിൽ പ്രതീക്ഷ നൽകിയെങ്കിലും ഓപ്പണർമാരായ വിരാട് കോലിയും (18 പന്തിൽ 21), ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും (12 പന്തിൽ 23) പുറത്തായതോടെ ആർസിബി കൂട്ടത്തകർച്ച നേരിടുകയായിരുന്നു. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും അരങ്ങേറ്റക്കാരനായ 19 വയസ്സുകാരൻ സുയാഷ് ശർമയും പിടിമുറിക്കിയതോടെ ബാംഗ്ലൂർ ബാറ്റർമാർ നിലയുറപ്പിക്കാനാകാതെ പതറി.
വരുൺ ചക്രവർത്തി നാല് വിക്കറ്റും സുയാഷ് ശർമ മൂന്നു വിക്കറ്റും സുനിൽ നരെയ്ൻ രണ്ടു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങിൽ തിളങ്ങിയ ഷാർദൂൽ ഠാക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. തകര്‍ന്നടിഞ്ഞ ബാറ്റിങ് നിരയെ ഒറ്റയ്ക്ക് തോളിലേറ്റി കൂറ്റന്‍ ടോട്ടലിലെത്തിച്ച ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂറാണ് കൊല്‍ക്കത്തയുടെ ഹീറോ. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത റിങ്കു സിങ്ങും കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. 29 പന്തില്‍ 68 റണ്‍സാണ് ഷര്‍ദുല്‍ അടിച്ചുകൂട്ടിയത്. 33 പന്തില്‍ 46 റണ്‍സെടുത്ത ശേഷമാണ് റിങ്കു ക്രീസ് വിട്ടത്.
ബാംഗ്ലൂരിനായി ഡേവിഡ് വില്ലി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ കരണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, മിച്ചല്‍ ബ്രേസ്വെല്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.