കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഷാറൂഖ് സെയ്ഫിയുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി. ഷാറൂഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചോദ്യംചെയ്യുകയാണ്. നാളെവീണ്ടും വൈദ്യ പരിശോധനക്ക് ഹാജരാക്കും. ആരോഗ്യ നില മെച്ചപ്പെട്ടാൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് തീരുമാനം. എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഫോറൻസിക് മേധാവിയുമായി മെഡിക്കൽ കോളേജിൽ എത്തി കൂടിക്കാഴ്ച്ച നടത്തി.
ഷാറൂഖിന്റെ രക്ത പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തം, യൂറിന്‍ പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പൊലീസിന്റെ കനത്ത സുരക്ഷ വലയത്തില്‍ മെഡിക്കല്‍ കോളജിലെ പൊലീസിന്റെ പ്രത്യേക സെല്ലിലാണ് പ്രതിയെ താമസിപ്പിക്കുന്നത്.
ശരീരത്തിലേറ്റ പൊള്ളലുകള്‍, മുറിവുകള്‍ എന്നിവക്ക് പ്രത്യേക ചികിത്സ നല്‍കുന്നുണ്ട്. പ്രതിയുടെ കൂടുതല്‍ പരിശോധന ഫലം നാളെ രാവിലെ ഒന്‍മ്പത് മണിയോടെ ലഭിക്കും. നേരത്തേ നടത്തിയ വൈദ്യപരിശോധനയിൽ ഷാരൂഖിന്റേത് സാരമായ പൊള്ളലല്ലെന്ന് കണ്ടെത്തിയിരുന്നു.
ട്രെയിനിന് തീവെച്ചത് ഒറ്റയ്ക്കാണെന്നാണ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി. ആക്രമണത്തിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മഹാരാഷ്ട്രയിലേക്ക് കടന്നതെന്നും ഷാരൂഖ് പൊലീസിന് മൊഴി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്തു.