തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയുണ്ടായ എ. കെ ആന്റണിയുടെ വൈകാരിക പ്രതികരണത്തിന് മറുപടിയുമായി അനില്‍ കെ ആന്റണി. താന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിതാവിന് വിഷമമുണ്ടാകുമെന്ന് അറിയാമെന്ന് അനില്‍ ആന്റണി പ്രതികരിച്ചു. വിഷയത്തിലേക്ക് തന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത് മോശമാണ്. തന്റെ വീട്ടില്‍ നാല് പേര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണെന്നും അനില്‍ കെ ആന്റണി പറഞ്ഞു.
ഞാന്‍ ജനിച്ചത് ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ്. കോണ്‍ഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളര്‍ന്നത്. എന്നാല്‍, അന്നത്തെ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ താല്പര്യങ്ങളെക്കാള് കൂടുതല്‍ രണ്ട്, മൂന്ന് വ്യക്തിക്കളുടെ താല്പര്യങ്ങളില് മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്ന് അനില്‍ ആന്റണി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറി. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണെന്നും രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
ഇന്ത്യന്‍ യുവാക്കളുടെ പ്രതിനിധിയായാണ് താന്‍ ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമോ എന്ന കാര്യം ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ഒരു സാധാരണ പ്രവര്‍ത്തകനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്നായിരുന്നു പിതാവ് എ കെ ആന്റണിയുടെ പ്രതികരണം. തികച്ചും തെറ്റായ തീരുമാനമാണ് അനില്‍ എടുത്തത്. അവസാന ശ്വാസം വരെ ആര്‍എസ്എസിനും ബിജെപിക്കും എതിരെ താന്‍ ശബ്ദമുയര്‍ത്തുമെന്നും എ കെ ആന്റണി വ്യക്തമാക്കി.