ഫിഫ ഫുട്ബോൾ റാങ്കിങ് ഒന്നാമതെത്തി ലോക ജേതാക്കളായ അർജന്റീന. ഇന്ന് ഫിഫ പുറത്തു വിട്ട പുതുക്കിയ റാങ്കിങ് ലിസ്റ്റിലാണ് അർജന്റീന ഒന്നാം സ്ഥനത്തേക്ക് ഉയർന്നത്. 2022 ലോകകപ്പ് നേടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിന് പ്രധാനമായും സഹായകമായത്. ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാമത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്കും ഇറങ്ങി.
ആറ് വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. അര്‍ജന്റീനക്ക് 1840.93 റേറ്റിങ് പോയിന്റും ഫ്രാന്‍സിന് 1838.45 റേറ്റിങ് പോയിന്റുമാണുള്ളത്. 1834.21 റേറ്റിങ് പോയിന്റാണ് ബ്രസീലിന്. ഖത്തർ ലോകകപ്പ് നേട്ടത്തിന് പിന്നാലെ നടന്ന സൗഹൃദ മത്സരങ്ങളിലെ വിജയവും അര്‍ജന്റീനക്ക് ഗുണകരമായി. പനാമ, കുറസാവോ രാജ്യങ്ങൾക്കെതിരെ നേടിയ ജയങ്ങളാണ് അര്‍ജന്റീനയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്.1792.53 പോയിന്റുമായി ബെല്‍ജിയവും 1792.43 പോയിന്റുമായി ഇംഗ്ലണ്ടുമാണ് ഫിഫാ റാങ്കിങ്ങില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
അതേസമയം ഖത്തര്‍ ലോകകപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയ മൊറോക്കോ റാങ്കിങ്ങിലും വന്‍ കുതിപ്പ് നടത്തി. ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ മൊറോക്കോ പുതിയ ഫിഫ റാങ്കിങ് പ്രകാരം പതിനൊന്നാം സ്ഥാനത്തെത്തി. വന്‍ ശക്തികളെയെല്ലാം വീഴ്ത്തിയ മൊറോക്കോ ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമിഫൈനലിലെത്തിയിരുന്നു. ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ കളിക്കുന്നതും ചരിത്രത്തിലാദ്യമായിരുന്നു.
കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയോട് തോറ്റത് ബ്രസീലിനു തിരിച്ചടിയായി. ലോകകപ്പിൽ ക്രോയേഷ്യയോട് തോറ്റ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിരുന്നു. പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ദേശീയ ടീമും നേട്ടം കൈവരിച്ചു. 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101 ആം റാങ്കിലേക്ക് ഇന്ത്യയുടെ നീലപ്പട ഉയർന്നു.