തിരുവനന്തപുരം: അനിൽ ആന്റണി ബിജെപിയിൽ ചേർന്ന സംഭവം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോണ്‍ഗ്രസുകാർക്ക് പാർട്ടി മാറുന്നതിന് അതിർവരമ്പുകള്‍ ഇല്ലാതായി. രണ്ടു പാർട്ടികളുടെയും നിലപാടുകള്‍ ഒന്നായത് കൊണ്ടാണ് വേഗത്തിൽ പാർട്ടി മാറാൻ കഴിയുന്നത് എന്നും ഗോവിന്ദൻ പറഞ്ഞു.
രാത്രി ആർഎസ്എസ് ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ തന്നെ ശിരസാ വഹിച്ചു. പകലും രാത്രിയും ബിജെപി ആയി പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
“ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു രാഷ്ട്രീയ ചുവടുമാറ്റം. കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയിലേക്ക് ചേക്കേറാന്‍ അതിര്‍വരമ്പുകള്‍ ഇല്ല. വര്‍ഗീയ ധ്രുവീകരണത്തിന് മറയിടാനാണ് ന്യൂനപക്ഷ നേതാക്കളെ ലക്ഷ്യംവച്ച് ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നത്. എ.കെ.ആന്റണി നിസ്സഹായനായി എന്നത് കോണ്‍ഗ്രസ് നിസ്സഹായമായതിന് തുല്യമാണ്.
അനിൽ ആന്റണി കുറച്ചു നാളുകളായി കോൺഗ്രസിനും രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കൾക്കുമെതിരായി വിമർശനങ്ങളുന്നയിച്ച് മാധ്യമശ്രദ്ധ നേടിയിരുന്നു. ബിജെപിയുടെ നിലപാടുകൾക്കനുകൂലമായ പ്രസ്താവനകളാണ് അനിലിന്റെ ഭാഗത്ത് നിന്നും വന്നത്. അത്തരം പ്രസ്താവനകളുണ്ടായപ്പോൾ പോലും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. കെ.സുധാകരനും വി.ഡി സതീശനും അനിലിനും ആർ.എസ്.എസിനുമെതിരായി ഒരു നിലപാടുകളും പറഞ്ഞതുമില്ല”– എം.വി.ഗോവിന്ദന് പറഞ്ഞു.
ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ വീണ്ടെടുക്കുന്നതിനും ഉള്ള കോൺഗ്രസിന്റെ പരിമിതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കും നേരെയുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണത്തെ ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണെന്നും എംവി ഗോവിന്ദൻ പ്രസ്താവിച്ചു.
ഇന്ന് ഉച്ചയോടെയാണ് അനിൽ ആന്റണി ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്.