തമിഴ് നാട്ടിലെ ഷെവരായി കുന്നുകളിലാണ് ആരെയും മനം മയക്കുന്ന യേർക്കാട് സ്ഥിതി ചെയ്യുന്നത്. എല്ലാ തവണയും ഊട്ടിക്കും കൊടൈക്കനാലിനും യാത്ര പോകുന്നവർക്ക് ഇത്തവണത്തെ യാത്ര യേർക്കാടിലേക്ക് ആക്കാവുന്നതാണ്.
ഏരി തന്നാൽ തമിഴിൽ തടാകം എന്നാണ് അർഥം. ചുറ്റും ഓറഞ്ച് തോട്ടവും കുന്നുകളും മരങ്ങളും തിങ്ങി നിറഞ്ഞ ആരെയും മനം മയക്കുന്ന സൗന്ദര്യമാണ് യേർക്കാടിനുള്ളത്.
ഏകദേശം ഊട്ടിയിലേതിന് സമാനമാണ് ഇവിടുത്തെ കാഴ്ച്ചകളും. അതിനാലാവണം പാവങ്ങളുടെ ഊട്ടി എന്നും ഈ സ്ഥലത്തിന് പേരുണ്ട്. കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന കാപ്പി തോട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. എന്നാൽ കാപ്പി മാത്രമല്ല. ഏലവും കുരുമുളകും കാപ്പിയുമൊക്കെ ഇട കലർന്നതാണ് ഇവിടുത്തെ കൃഷികൾ.
ബിഗ് ലേക്ക് എന്നറിയപ്പെടുന്ന വലിയ തടാകമാണ് ആദ്യം കണ്ടിരിക്കേണ്ട കാഴ്ച്ച. ഗാർഡനും ബോട്ടിംങ് ചെയ്യാനുള്ള സൗകര്യവും എല്ലാം അടങ്ങിയതാണ് യേർക്കാട് തടാകം. പിന്നെയുള്ളതാണ് പഗോഡ വ്യൂ പോയിന്റ്. അതിമനോഹരമായ ദൃശ്യവിരുന്ന ഒരുക്കുന്ന സ്ഥലമാണിത്.
പിന്നെയുള്ളതാണ് കിളിയൂർ വെള്ളച്ചാട്ടം. പ്രകൃതിയെ അതിന്റെ എല്ലാ മനോഹാരിതയോടെയും അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലം കൂടിയാണ് കിളിയൂർ. കാടിന്റെ വന്യതയിൽ നിന്നൊഴുകി വരുന്ന തണുത്ത ശുദ്ധജലത്തിൽ മനം മറന്ന് ഇരിക്കാം. ചുറ്റും കിളികളുടെ ശബ്ദവും കൂടി ചേരുമ്പോൾ മറ്റേതോ മായിക ലോകത്ത് ചെന്ന പ്രതീതിയുണ്ടാകും.
കാടിന്റെ എല്ലാ നിഗൂഡ ഭംഗിയും ഒത്തൊരുമിച്ച കരടിയൂർ. പ്രകൃതി ഭംഗികൊണ്ട് വിസ്മയിപ്പിക്കുന്ന ഇവിടേക്ക് വരാൻ അധികമാർക്കും വഴി അറിയില്ല. എത്തി ചേർന്നാൽ തിരികെ പോകാൻ സഞ്ചാരികൾ മടിക്കുന്ന ഇടം കൂടിയാണിത്.
ഇവിടുത്തെ ഏറ്റവും പ്രസിദ്ധിയാർജിച്ച ഒരു ക്ഷേത്രമാണ് ഷെവറോയ് ക്ഷേത്രം. ഗുഹയ്ക്ക് ഉള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഒരു ഓർക്കിഡ് തോട്ടവും യേർക്കാടിലുണ്ട്.
പച്ച പുതച്ച കുന്നുകളും, മലനിരകളും തടാകവും യാത്രക്കാരെ കാത്തിരിക്കുന്ന ബോട്ടും എല്ലാം ചേർന്ന് നിങ്ങൾക്ക് അതി മനോഹരമായ കാഴ്ച്ചയുടെ വിരുന്നരുക്കാൻ യേർക്കാട് കാത്തിരിക്കുന്നു. ഒരൽപ്പം നടത്തവും ബോട്ടിംങും കാപ്പി തോട്ടത്തിലൂടെയുള്ള യാത്രയും ഓറഞ്ച് നിറഞ്ഞ വഴി പാതകളും ഇഷ്ട്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഇത്തവണത്തെ അവധിക്കാല യാത്ര യേർക്കാടിലേക്കാകട്ടെ.