കഴിഞ്ഞ ദിവസമാണ് കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ മകൻ കൊലപ്പെടുത്തിയ വാർത്ത പുറത്ത് വന്നത്. നടന്ന കൊലയെ ന്യായീകരിക്കുന്നില്ലെങ്കിലും ആ കുഞ്ഞിലേറ്റ ട്രോമയെ കാണാതിരിക്കാനാവില്ല എന്ന് കുറിപ്പ്.
ഒരാളെ ക്രിമിനലാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കുടുംബ പശ്ചാത്തലവും സാമൂഹൃ പശ്ചാത്തലവുമാണെന്നത് തള്ളിക്കളയാനാകാത്ത വസ്തുതയാണ്. ഇരുപത്തഞ്ച് വയസ്സുള്ള ആയുർവേദ ഡോക്ടറായ ഒരു മകൻ തൻ്റെ അച്ഛനെ കൊല്ലാനായി വിഷ രസക്കൂട്ട് തയ്യാറാക്കുന്നു. ശേഷം അവനത് കടലക്കറിയിൽ കലർത്തുന്നു. തീരാത്ത പക അച്ഛനോടും രണ്ടാനമ്മയോടും ആണെങ്കിലും ഈ കൊലപാതക പ്ലാനിങ്ങിൽ ഇരയായ നിരപരാധികളായ മറ്റ് മൂന്ന് പേരോടും ഒരു വിധത്തിലുള്ള സഹതാപവും ഇല്ലാത്ത വണ്ണം അയാൾ പെരുമാറിയെങ്കിൽ അത് കൊടുംപാതകം. എങ്കിലും പൊതുബോധം ചർച്ച ചെയ്യേണ്ട ഒരു കാര്യം പത്ത് വയസ്സുള്ള ഒരു കുട്ടിയിൽ ഏറ്റ ട്രോമയെ കുറിച്ച് കൂടിയാണ്.
പത്ത് വയസ്സുള്ള ഒരു കുഞ്ഞിൻ്റെ അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നു. അമ്മയെ വല്ലാതെ സ്നേഹിക്കുന്ന ഒരു കൊച്ച് ആൺകുട്ടിക്ക് അത് വല്ലാത്ത ആഘാതം തന്നെയാണ്. അവർ എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യം അപ്പോഴും ബാക്കി. ഒരു വർഷത്തിനു ശേഷം അച്ഛൻ രണ്ടാമതും വിവാഹം കഴിക്കുന്നു. അയാൾക്ക് വീണ്ടും ജീവിതം ആഘോഷമാകുമ്പോൾ പതിനൊന്ന് വയസ്സുള്ള കുഞ്ഞിന് അങ്ങനെ ആവണമെന്നില്ല. അമ്മയുടെ സ്നേഹം രണ്ടാനമ്മയിൽ നിന്നും കിട്ടി കാണുമോ എന്നറിയില്ല.
അച്ഛൻ്റെ കരുതൽ അവന് ഉണ്ടായോ എന്നും അറിയില്ല. എങ്കിലും പത്ത് – പതിന്നാല് വർഷം ഉള്ളിലിട്ടു നടന്ന പക അവനെക്കാളും വേഗത്തിൽ വളർന്നു എന്നതാണ് സത്യം. ചെറുപ്രായത്തിൽ കുട്ടികൾക്ക് ഉണ്ടാവുന്ന ട്രോമയുടെ ആഴം വളരെ വലുതാണ്. Parenting എന്നാൽ ഒരു കുട്ടിക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്കൽ എന്നു മാത്രമല്ല. ചെറുപ്രായത്തിൽ മനസ്സിൽ ഏല്ക്കുന്ന മുറിവുകളെ കഴുകി വൃത്തിയാക്കി സെപ്റ്റിക് ആവാതെ നോക്കുക എന്നത് കൂടിയാണ്.
കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പക്ഷേ അവനെ കൊടും ക്രിമിനലായി വിധിക്കും മുമ്പ് അവൻ അനുഭവിച്ച ട്രോമയുടെ ആഴം കൂടി മനസ്സിലാക്കേണ്ടതുണ്ട്. കാരണം ഒരാളും ക്രിമിനലായി ജനിക്കുന്നില്ല! !