ശുചീകരണം ഉത്സവമാക്കാൻ കടമ്പനാട്. അതാണ് കടമ്പനാട് പ്രസിഡന്റ് പ്രിയങ്കയും മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സാജനും കൂടി പഞ്ചായത്തിന്റെ പഞ്ചായത്തിന്റെ ശുചിത്വ നടത്തത്തിന്റെ ചിത്രങ്ങൾ കാണിച്ചപ്പോൾ എന്റെ മനസിൽ വന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടിന് ഒറ്റദിവസം തന്നെ താളമേളങ്ങളോടെ വിളംബര ജാഥകൾ നടന്നു. എന്താ വിളംബരം ചെയ്തത്?
“രണ്ട് മാസം കൊണ്ട് കടമ്പനാടിനെ സമ്പൂർണ്ണ ശുചിത്വ പദവിയിലേക്ക് ഉയർത്തുമെന്നുള്ളതായിരുന്നു വിളംബരം.” വാർഡുമെമ്പർമാരോടൊപ്പം നടക്കാൻ വാർഡിലെ പ്രമുഖർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന, രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യ സന്നദ്ധ-സംഘടനാ പ്രതിനിധികൾ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കാളികളായി. ഇവ വെറും ഘോഷയാത്രകൾ ആയിരുന്നില്ല. നടത്തത്തോടൊപ്പം റോഡരികിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യകൂമ്പാരങ്ങളുടെ ഫോട്ടോയെടുക്കാനും ശ്രമിച്ചിരുന്നു. ഏതായാലും പഞ്ചായത്തിന്റെ കൈവശം ഇപ്പോൾ മാലിന്യകൂമ്പാരങ്ങളുടെ സമ്പൂർണ്ണ ഫോട്ടോ ശേഖരമുണ്ട്.
പല വാർഡുകളിലും ശുചിത്വ നടത്തത്തിനുശേഷം സാംസ്കാരിക സംഗമങ്ങളും ഗാനമേളകളുമുണ്ടായിരുന്നു. രാത്രി 11 മണി വരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂടെപ്പാടിയും നൃത്തം ചെയ്തും ആഘോഷിച്ചു.
ഇനി എന്ത്?
ഈസ്റ്റർ ദിവസം മാലിന്യകൂമ്പാരങ്ങൾ പഞ്ചായത്തിന്റെ മാപ്പിൽ രേഖപ്പെടുത്തി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കും. ഓരോ വാർഡിലും ഓരോ റോഡിലും എവിടെയൊക്കെയാണ് മലിനമായി കിടക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാക്കുവാൻ കഴിയും. ഇവ നീക്കം ചെയ്യുന്നതിനു വാർഡുകൾ തമ്മിലുള്ള ഒരു മത്സരമായിരിക്കും. അജൈവമാലിന്യം തരംതിരിച്ച് നീക്കം ചെയ്യും. ജൈവമാലിന്യം തുമ്പൂർമുഴിയിലേക്കു മാറ്റും. ഇതു ചെയ്യുന്ന മുറയ്ക്ക് ഭൂപടങ്ങളിൽ മാലിന്യകൂമ്പാരങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കും. വിഷുവിനു മുമ്പ് പഞ്ചായത്ത് ഭൂപടം മാലിന്യത്തിൽ നിന്നും സ്വതന്ത്രമാകും. പത്തനംതിട്ട ജില്ല ഈ ലക്ഷ്യം നേടാൻ മെയ് 16-നാണ് നിശ്ചയിച്ചിട്ടുള്ളത്. കടമ്പനാട് ഒരു മാസം മുമ്പ് അത് നേടിയിരിക്കും. ഇവിടെ പിന്നെയും പുതിയ മാലിന്യകൂമ്പാരങ്ങൾ വരില്ലായെന്ന് എന്താണ് ഉറപ്പ്?
വിഷു കഴിഞ്ഞാലുടൻ എല്ലാ വീടുകളും ഹരിത കർമ്മസേനയുമായി കരാർ ഒപ്പ് വയ്ക്കാനുള്ള വമ്പിച്ച പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഈദുൽഫിത്തറിനു മുമ്പ് ഈ ലക്ഷ്യം നേടാനാണ് പദ്ധതി. ഇതു ചെയ്താൽ പിന്നെ മാലിന്യം വലിച്ചെറിയേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, ഓരോ തെരുവും പൊതുസ്ഥലങ്ങളും കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക സംഘടനകൾ, യുവജന സംഘടനകൾ തുടങ്ങിയവരെക്കൊണ്ട് ദത്തെടുപ്പിക്കാനാണ് പരിപാടി. അവ സുന്ദരമാക്കി സംരക്ഷിക്കുന്നതിനുള്ള ചുമതല അവർക്കായിരിക്കും. തുടർന്ന് മഴയ്ക്കു മുമ്പ് തൊഴിലുറപ്പ് ഉപയോഗപ്പെടുത്തിയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും കമ്പോസ്റ്റ് പിറ്റും സോക്പിറ്റും നിർമ്മിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ആവശ്യക്കാർക്ക് കിച്ചൺബിന്നും നൽകും.
മഴ തുടങ്ങും മുമ്പ് പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പദവിയിൽ എത്തിക്കാനാണ് പരിശ്രമം. പത്തനംതിട്ട ജില്ല നവംബർ 1-നാണ് ഈ ലക്ഷ്യം നേടുന്നതിനു കണ്ടിട്ടുള്ളത്. കടമ്പനാട് രണ്ട് മാസംകൊണ്ട് ലക്ഷ്യത്തിലെത്തും. കൂടുതൽ കടമ്പനാട് വിശേഷങ്ങൾ പുറകേ പറയാമെന്നും തോമസ് ഐസക്.