അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം കേരളത്തിന്റെ ചരിത്രത്തിലെ തീരാ കളങ്കമാണ്. പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനിച്ച നമ്മൾ തല കുനിച്ചുനിന്ന നിമിഷമായിരുന്നു അത്.
മധുവിന്റെ കുടുംബത്തിന് ഉണ്ടായ നഷ്ടം നികത്താനാകാത്തതാണ് . 14 പേരെ കുറ്റക്കാർ എന്ന് കണ്ടെത്തിയ കോടതി വിധി ആ കുടുംബത്തിന് വൈകാരികമായി അല്പം ആശ്വാസമായേക്കാം.
കേസിന്റെ നാൾവഴികളിൽ ഉടനീളം വലിയ പ്രതിസന്ധികളാണ് മധുവിന്റെ കുടുംബം നേരിട്ടത്. പ്രതിഭാഗത്തുനിന്ന് തുടർച്ചയായ ഭീഷണികളും സാക്ഷികളുടെ കൂറുമാറ്റവും അടക്കം കേസ് അട്ടിമറിക്കാൻ ഉള്ള നിരവധി നീക്കങ്ങൾ ഉണ്ടായി. പതിവുപോലെ സംസ്ഥാന ആഭ്യന്തരവകുപ്പ് ഈ വിഷയത്തിലും കൈയ്യുംകെട്ടി നോക്കി നിന്നു . സർക്കാരിന്റെ കെടുകാര്യസ്ഥതകൾ വിവാദമായപ്പോൾ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മധുവിന്റെ കുടുംബത്തിന് നിയമസഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടും മധുവിന്റെ കുടുംബത്തിന് അനുകൂലമായി ഉണ്ടായ ഈ വിധി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നിലനിർത്തുന്നു.