തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെയും, ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബർ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാൾ സ്വയം തീ കൊളുത്തിയിരുന്നു.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രി 9.30 ഓടെയാണ് മരിച്ചത്. അലി അക്ബറിന് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
മാർച്ച് 30ന് പുലർച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ ഭാര്യ മുംതാസിനെയും മാതാവ് ഷാഹിറ (67)യെയും വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് ഷാഹിറയ്ക്ക് വെട്ടേറ്റത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അക്ബർ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മുംതാസും മരണത്തിനു കീഴടങ്ങി.