തിരുവനന്തപുരം: ഭിന്നശേഷിയുള്ള പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബസ് ഡ്രൈവർക്ക് ഏഴ് വർഷം കഠിനത്തടവ്. വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാർ (41) നെയാണ് ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിന്യായത്തിൽ പറയുന്നു. പിഴ അടച്ചാൽ അത് കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്.
2013 സെപ്റ്റംബർ ഇരുപതിന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസിൽ ഇരിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ നിന്ന് ചവറ് കളയാൻ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളിൽ വലിച്ചു കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുകയും കവിളിൽ കടിക്കുകയും ചെയ്തു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല.
ഓട്ടിസത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം ബസ്സിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്.