ന്യൂഡൽഹി: ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളെയും ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത് അരുണ്‍ ജയറ്റ്ലി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തി. വാഹനാപകടത്തിൽ പരുക്കേറ്റ താരം നിലവിൽ വിശ്രമത്തിലാണ്. സ്ട്രെച്ചറുമായി എത്തിയ താരത്തിന് വലിയ വരവേല്പാണ് കാണികൾ നൽകിയത്. റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ക്യാപിറ്റല്‍സിനെ നയിക്കുന്നത്.
അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.
അതേസമയം, മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 163 റൺസാണ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 8 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടി . 32 പന്തിൽ 37 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.