എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിത്.അങ്ങേയറ്റം ശ്രദ്ധയോടെ സംസ്ഥാന സർക്കാർ ഇടപെട്ടത് കൊണ്ട് മാത്രം നീതി ഉറപ്പു വരുത്താനായ കേസാണിത്.മുഖ്യമന്ത്രിയും സർക്കാരും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ അൽപ സമയങ്ങൾക്ക് മുൻപ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം കണ്ടു.പതിവ് പോലെ ഒരു നെഗറ്റിവ് സ്റ്റേറ്റ്മെന്റ്. “അട്ടപ്പാടി മധു കൊലക്കേസ്: പ്രതികൾ കുറ്റക്കാരെന്ന കോടതി വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച”
ഇതാണ് തലക്കെട്ട്.
“കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു.” പ്രതിപക്ഷ നേതാവിന്റെ സ്റ്റേറ്റ്മെന്റിലെ പ്രസക്ത ഭാഗമാണിത്.സർക്കാരിന് അലംഭാവവും വീഴ്ചയും ഉണ്ടായാൽ പ്രതികൾക്ക് ശിക്ഷ കിട്ടുമായിരുന്നോ?
സർക്കാർ ഇരയ്‌ക്കൊപ്പം നിന്നതിന്റെ വിജയമാണിത്.സാക്ഷികളിൽ പലരും കൂറുമാറുന്ന സാഹചര്യം മനസ്സിലാക്കി കൂടുതൽ ജാഗ്രത കാട്ടി.
നിയമ വകുപ്പും പോലീസും ഇക്കാര്യത്തിൽ അഭിനന്ദനാർഹമായ ഇടപെടൽ നടത്തി.പഴുതടച്ച നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. അതുകൊണ്ടാണ് നീതിപൂർവമായ ഈ വിധി വന്നത്.
ഇങ്ങനെയൊരു സന്ദർഭത്തിൽ സർക്കാരിനെ അഭിനന്ദിക്കാൻ പ്രതിപക്ഷ നേതാവിന്റെ,
സ്വതസിദ്ധമായ ‘ഞാനെന്ന ഭാവം’ അനുവദിക്കുന്നില്ലെങ്കിൽ കുത്ത് വാക്ക് പറയാതിരിക്കാനുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിക്കണമായിരുന്നു.
പ്രതികളെ കോടതി വെറുതേ വിട്ടിരുന്നെങ്കിൽ..സർക്കാരിനെതീരെ ‘ആഞ്ഞടിക്കാൻ’തയ്യാറാക്കി വച്ചിരുന്ന പ്രസ്താവന വലിച്ചു കീറി കളയേണ്ടി വന്നതിന്റെ ജാള്യത ഇന്നത്തെ അദ്ദേഹത്തിന്റെ വരികളിൽ കാണാം. പ്രതിപക്ഷനേതാവ് കുറേക്കൂടി നിലവാരം പുലർത്തണം. ഈ കേസ് വിജയിപ്പിക്കാൻ പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.മധുവിന്റെ കുടുംബത്തിന് നീതി ലഭിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.