കേരളത്തിന് ഒരു വർഷംകൊണ്ട് സമ്പൂർണ്ണ ശുചിത്വ സംസ്ഥാനം ആകാം. ഇതുവരെ നടന്നതുപോലെ ഓരോ തദ്ദേശഭരണ സ്ഥാപനത്തെയും ആസ്പദമാക്കി പദ്ധതിയിൽ ഉൾപ്പെടുന്ന പ്രൊജക്ടുകൾ നടപ്പാക്കുന്ന രീതി കൊണ്ട് നമ്മൾ എങ്ങും എത്തുകയില്ല. മറിച്ച്, ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ട് കക്ഷി ഭേദമന്യേയുള്ള ഒരു ജനകീയ മുന്നേറ്റത്തിലൂടെ നമുക്ക് ലക്ഷ്യത്തിൽ എത്താനാകുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്.
എന്തു സാങ്കേതികവിദ്യ വേണമെന്നതിനെക്കുറിച്ച് തർക്കം ഉണ്ടാകേണ്ടതില്ല. മാലിന്യം ശേഖരിക്കുന്നതിനു വേണ്ടുന്ന ഹരിതകർമ്മസേനയുടെ അനിവാര്യതയെക്കുറിച്ചും തർക്കമില്ല. അധികാരമില്ലാത്ത പ്രശ്നമില്ല. പണവും പ്രശ്നമല്ല. വേണ്ടത് ഇവയെ ആസ്പദമാക്കി വലിയൊരു ജനകീയ പ്രസ്ഥാനത്തിനു രൂപം നൽകുകയാണ്. ഇതാണ് കേരള സർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്.
ഇക്കാര്യത്തിൽ പത്തനംതിട്ട ജില്ല നിർണ്ണായകമായ കാൽവയ്പ്പുകൾ നടത്തിക്കഴിഞ്ഞു. ഡിപിസിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ ശുചിത്വത്തിനും വയോജന സംരക്ഷണത്തിനും വേണ്ടിയുള്ള ജില്ലാതല പദ്ധതികൾ ആവിഷ്കരിച്ചു. അതിനുള്ള ജില്ലാതല പരിശീലനം ചരൽക്കുന്നിൽ നടന്നു. എട്ട് ബ്ലോക്കുകളിലും പരിശീലനം നടന്നു കഴിഞ്ഞു. അരദിവസം ശുചിത്വത്തിന്റെയും അരദിവസം വയോജന സംരക്ഷണത്തിന്റെയും തയ്യാറെടുപ്പിനാണ് ചെലവഴിച്ചത്. ഈ യോഗങ്ങളുടെ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്.
ധനകാര്യ വർഷാവസാനത്തിന്റെ തിരക്കുകൾ അവസാനിച്ചു. അതുകൊണ്ട് അടുത്ത രണ്ട് മാസം ശുചിത്വത്തിനും വയോജന സംരക്ഷണത്തിനുമായി നീക്കിവയ്ക്കാനാവും. കൃത്യമായ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
എല്ലാ വാർഡുകളിലും ഹരിത കർമ്മസേന. 10000 രൂപയെങ്കിലും അവർക്കു വരുമാനം. എല്ലാ ഹോട്ട്സ്പോട്ടുകളും മാപ്പ് ചെയ്യുക, നീക്കം ചെയ്യുക. എല്ലാ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോക്കോൾ..അവശേഷിക്കുന്ന എംസിഎഫ്, ആർആർഎഫ്, ഹരിത വണ്ടികൾ, പാവപ്പെട്ടവർക്കുള്ള ഹരിത കർമ്മസേന ഫീസ് തുടങ്ങിയവയ്ക്ക് പ്രൊജക്ടുകൾ. തൊഴിലുറപ്പിന്റെ ലേബർ ബജറ്റിൽ സോക്പിറ്റിനും കമ്പോസ്റ്റ് പിറ്റിനും പ്രൊജക്ടുകൾ.
ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ഒരു വാർഡിലെങ്കിലും എല്ലാ വീട്ടിലും സോക്പിറ്റുകളും ഖരമാലിന്യ സംസ്കരണ യൂണിറ്റുകളും.
മഴക്കാലപൂർവ്വ ശുചീകരണം. ഇത്രയുമാണ് മെയ് അവസാനിക്കും മുമ്പ് ചെയ്തു തീർക്കാനുള്ളവ. ഇതു പ്ലാൻ ചെയ്യാൻ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്പശാലകൾ വേണം. എല്ലാ ബ്ലോക്കിലും ഹരിത കർമ്മസേന അംഗങ്ങൾക്ക് പരിശീലനം നൽകണമെന്നും തോമസ് ഐസക് വ്യക്തമാക്കി.