കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയ്നിൽ കഴിഞ്ഞ ദിവസം രാത്രി അക്രമി യാത്രക്കാരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. പൊള്ളലേറ്റ് 9 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുൾപ്പെടെ വിവിധയിടങ്ങളിൽ ചികിത്സയിലാണ്.
അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മട്ടന്നൂർ സ്വദേശികളായ മൂന്ന് പേർ മരണപ്പെട്ടത് ഏറെ വേദനാജനകമാണ്. പൊലീസും വിരലടയാള വിദഗ്ദരും ഉൾപ്പെടെ സംഭവത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്.
ആസൂത്രിത ആക്രമണമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തി പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താൻ പൊലീസിന് സാധിക്കണം. ട്രെയ്ൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ റെയിൽവേ മന്ത്രാലയവും തയ്യാറാവണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ.കെ ഷൈലജ ടീച്ചർ കുറിച്ചു.