ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു 12 റൺസിന്റെ ആവേശ ജയം. ചെന്നൈ മുന്നോട്ടുവച്ച 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസ് നേടാനേ സാധിച്ചുള്ളൂ. 22 പന്തിൽ 53 റൺസ് നേടിയ കെയിൽ മയേഴ്സ് ആണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 4 വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ കളി നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ മയേഴ്സ് ലക്നൗവിന് തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ ഓവറിലെ അടി തുടങ്ങിയ കെയ്ല്‍ മയേഴ്സും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 79 റണ്‍സ് ചേര്‍ത്തു. പേസര്‍മാര്‍ അടിവാങ്ങി മടുത്തതോടെ സ്പിന്നര്‍മാരെ ഇറക്കിയാണ് ധോണി ബ്രേക്ക് ത്രൂ കണ്ടെത്തിയത്. കൂടുതല്‍ അപകടകാരിയായ മയേഴ്സ് 21 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ മയേഴ്സ് ഇതേ ഓവറില്‍ തന്നെ മൊയീന്‍ അലിയുടെ പന്തില്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്കി മടങ്ങി.
മയേഴ്സിനു പിന്നാലെ ലക്നൗവിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. ദീപക് ഹൂഡ (2) സാൻ്റ്നറിനു മുന്നിൽ വീണപ്പോൾ കെഎൽ രാഹുൽ (20), കൃണാൽ പാണ്ഡ്യ (9), മാർക്കസ് സ്റ്റോയിനിസ് (21) എന്നിവർ മൊയീൻ അലിയുടെ ഇരകളായി. 18 പന്തിൽ 32 റൺസെടുത്ത് നിക്കോളാസ് പൂരാൻ ജയത്തിനായി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പൂരാനെ തുഷാർ ദേശ്പാണ്ഡെ മടക്കി.
ആയുഷ് ബദോനിയും കൃഷ്ണപ്പ ഗൗതവും ജയത്തിനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 18 പന്തിൽ 23 റൺസ് നേടിയ ബദോനി അവസാന ഓവറിൽ ദേശ്പാണ്ഡെയ്ക്ക് മുന്നിൽ വീണു. കൃഷ്ണപ്പ ഗൗതം (17), മാർക്ക് വുഡ് (10) എന്നിവർ നോട്ടൗട്ടാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും ഇന്നിങ്സുകളാണ് ചെന്നൈയെ മികച്ച സ്കോറിലെത്തച്ചത്. 31 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 57 റണ്‍സെടുത്ത ഋതുരാജും 29 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 47 റണ്‍സെടുത്ത കോണ്‍വെയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുകൂട്ടിയത് 110 റണ്‍സ്.
എന്നാല്‍ ഇരുവരും പുറത്തായതോടെ ചെന്നൈയുടെ സ്കോറിങ് താഴ്ന്നു. 16 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റണ്‍സെടുത്ത ശിവം ദുബെയ്ക്കും 14 പന്തില്‍ രണ്ട് വീതം സിക്സും ഫോറുമായി 27 റണ്‍സോടെ പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവിനും മാത്രമാണ് പിന്നീട് ചെന്നൈ സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനായത്.
ലഖ്നൗവിനായി മാര്‍ക്ക് വുഡും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.