തൃശ്ശൂരിലെ ഗൃഹനാഥന്‍റെ മരണം കൊലപാതകം; മകൻ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി; പിന്നില്‍ അച്ഛനോടും രണ്ടാനമ്മയോടും ഉണ്ടായിരുന്ന പക

അവണൂര്‍: തൃശ്ശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകം. മരിച്ച എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ്‌(25)ണ് കൊലപാതകത്തിന് പിന്നില്‍. മയൂര്‍നാഥ്, ഓണ്‍ലൈനില്‍ വിഷവസ്തുക്കള്‍ വരുത്തുകയും അത് സ്വന്തംനിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അച്ഛനോടും അമ്മയോടുമുള്ള പ്രതികാരം തീര്‍ക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. സംഭവം ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള മരണമല്ലെന്നും വിഷം ഉള്ളില്‍ച്ചെന്നുള്ള മരണമാണെന്നും ശശീന്ദ്രനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ മയൂര്‍നാഥിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംസ്‌കാര കര്‍മങ്ങള്‍ നിര്‍വഹിച്ചത് മയൂര്‍നാഥായിരുന്നു. ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ മയൂര്‍നാഥ്‌ തയ്യാറായിരുന്നില്ലെന്നാണ് വിവരം. അച്ഛനോടും രണ്ടാനമ്മ ഗീതയോടുമുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 1 

വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി, വീടിന് മുകള്‍നിലയില്‍വെച്ച് മയൂര്‍നാഥ്‌ തയ്യാറാക്കുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ മരുന്നുകളും മറ്റും തയ്യാറാക്കാന്‍ മയൂര്‍നാഥ് ഒരു ലാബ് സജ്ജമാക്കിയിരുന്നു. ഇവിടെവെച്ചാണ് വിഷം തയ്യാറാക്കിയത്. തുടര്‍ന്ന് ഇത് കടലക്കറിയില്‍ കലര്‍ത്തി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. 25 വയസുകാരനായ മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടറുമാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സ്വത്തിനുവേണ്ടിയാണ് ഇയാള്‍ അച്ഛനും അമ്മയ്ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.  

ഇഡ്ഡലിയും കടലക്കറിയും സാമ്പാറുമാണ് അന്നേ ദിവസം വീട്ടിലുണ്ടാക്കിയത്. ശശീന്ദ്രനും ഭാര്യയ്ക്കും മാത്രമല്ല പുറംപണികള്‍ക്കായി അന്ന് വീട്ടിലെത്തിയ തൊഴിലാളികള്‍ക്കും ഈ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മയൂര്‍നാഥ് ഭക്ഷണം കഴിയ്ക്കാത്തതും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ രാസവസ്തുക്കളുടെ സാന്നിധ്യവും പൊലീസിന് സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മയൂര്‍നാഥിനെ സ്റ്റേഷനിലെത്തിച്ച് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിക്കുന്നത്.