കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ നിലവിൽ പ്രതികളാരും പിടിയിലായതായി വിവരം ഇല്ലെന്ന് മന്ത്രി ഏ.കെ ശശീന്ദ്രൻ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേക്കുറിച്ച് എല്ലാം അവർ തന്നെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആക്രമണത്തിന് പിന്നാലെ എലത്തൂരില്‍ മരിച്ച മൂന്ന് പേര്‍ക്കുള്ള ധനസഹായം കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രെയിനില്‍ വച്ച് ഉണ്ടായ അപകടങ്ങള്‍ക്ക് റെയില്‍വേയാണ് ധനസഹായങ്ങള്‍ നല്‍കേണ്ടത്. ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളില്‍ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടൂവ് ട്രെയിനിന്റെ ഡി1, ഡി2 കോച്ചുകളിലാണ് പരിശോധന. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാറ്റിയിട്ട ബോഗികളിലാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്.
അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. ഗൗരവമുള്ള വിഷയമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ആക്രമണം നടന്നത്. സംഭവത്തിലെ പ്രതി നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പരസ്യപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു.