കോഴിക്കോട്: യുവാവ് രാത്രി ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ . ട്രെയിൻ യാത്രക്കിടെയാണ് കോച്ചിൽ ഇയാൾ തീയിട്ടതെന്ന് പോലീസ്. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനാണ് അക്രമി തീയിട്ടത്. പെട്രോളുമായി വന്ന് വീശിയൊഴിക്കുകയായിരുന്നു ഇയാൾ. സംഭവം നടക്കുമ്പോൾ ചുവന്ന ഷർട്ടാണ് ധരിച്ചിരുന്നത്.
കോച്ചിൽ തീയിട്ടതിനെ തുടർന്ന് സ്ത്രീകളടക്കം 9 പേർക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് ഏലത്തൂരിൽ വച്ചാണ് യുവാവ് പെട്രോളുമായി വന്ന് തീയിട്ടത്. അക്രമി തീയിട്ടതിന് പിന്നാലെ റെയിൽവേ ട്രാക്കിൽ 3 മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രാക്കിൽ കണ്ട മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നു.
കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്ത്, അവരുടെ സഹോദരിയുടെ മകൾ സഹ്റ(2), നൗഫീഖ് എന്നിവരാണ് മരിച്ചത്. തീപടർന്നപ്പോൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയപ്പോൾ മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തീ പടർന്നപ്പോൾ അപായ ചങ്ങല വലിച്ച് പുറത്തേക്ക് പോകുകയും , അവിടെ നിന്ന് ഇയാളെ കാത്തുനിന്നിരുന്നു എന്ന് സംശയിക്കുന്ന ആളുടെ ബൈക്കിന് പിന്നിൽ കയറി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. അക്രമിയുടെ കാലിന് പരിക്കേറ്റിരുന്നതായി ദൃക്സാക്ഷികൾ പോലിസിനോട് പറഞ്ഞു.