കോഴിക്കോട്: ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ട്രെയിൻ യാത്രക്കിടെയാണ് കോച്ചിൽ ഇയാൾ തീയിട്ടതെന്ന് പോലീസ്. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനാണ് അക്രമി തീയിട്ടത്.
കോച്ചിൽ തീയിട്ടതിനെ തുടർന്ന് സ്ത്രീകളടക്കം 9 പേർക്ക് പരിക്കേറ്റിരുന്നു. കോഴിക്കോട് ഏലത്തൂരിൽ വച്ചാണ് യുവാവ് പെട്രോളുമായി വന്ന് തീയിട്ടത്.
അക്രമി തീയിട്ടതിന് പിന്നാലെ റെയിൽവേ ട്രാക്കിൽ 3 മൃതദേഹം കണ്ടെത്തുകയായിരുന്നു.
മട്ടന്നൂർ സ്വദേശികളാണ് മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയും കുഞ്ഞുമെന്ന് പോലീസ്. എന്നാൽ മറ്റൊരാൾ ആരാണെന്ന് കണ്ടെത്താനായില്ല.
കോരപ്പുഴ പാലം കടക്കുമ്പോഴാണ് അക്രമി തീയിട്ടത്. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും കോരപ്പുഴ പാലത്തിലാണ് നിന്നത് എന്നതിനാൽ പലർക്കും പുറത്തിറങ്ങാനായില്ല. ഇതിനിടെ പ്രതിയുടെ എന്ന് സംശയിക്കുന്ന ബാഗും 2 കുപ്പി പെട്രോളും ട്രാക്കിൽ നിന്ന് കണ്ടെത്തി. മൊബൈൽ ഫോൺ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
മെലിഞ്ഞ, ചുവന്ന ഷർട്ട് ധരിച്ചയാളാണ് അക്രമിയെന്ന് യാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്.അക്രമിയുമായി യാതൊരുവിധ തർക്കമോ, വഴക്കോ നടന്നില്ലെന്ന് യാത്രക്കാർ പോലീസിന് മൊഴി നൽകി.