ന്യൂഡല്‍ഹി: ആഗോളതലത്തിലെ കോവിഡ് കണക്കുകളും മരണനിരക്കുകളുമൊക്കെ കുറയുമ്പോഴും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. ഇന്ത്യയിൽ വ്യാപിക്കുന്ന മറ്റ് വകഭേദങ്ങളെ മറികടന്ന് ആധിപത്യം സൃഷ്ടിക്കുകയാണ് XBB.1.16. ഇതിനകം 22 രാജ്യങ്ങളിലാണ് XBB.1.16 വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വ്യാപനശേഷിയുള്ള വിധത്തിൽ മാറാനുള്ള വൈറസിന്റെ പ്രാപ്തി മാത്രമല്ല അതിനൊപ്പം ഗുരുതരമാവുക കൂടി ചെയ്യുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത് എന്നും അവർ പറഞ്ഞു. അതിനാൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ് എന്നും മരിയ പറയുന്നു.
XBB.1.5നോട് സാമ്യമുള്ളതാണ് പുതിയ വകഭേദമെങ്കിലും ഇവയിൽ സ്പൈക് പ്രോട്ടീനിലുള്ള ചില മാറ്റങ്ങൾ വ്യാപനശേഷി കൂടുതലാണ് എന്നു വ്യക്തമാക്കുന്നുണ്ട്. നിലവിൽ അറുനൂറോളം ഒമിക്രോൺ ഉപവകഭേദങ്ങളെ ലോകാരോഗ്യസംഘടന നിരീക്ഷിച്ചു വരുന്നുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് കോവിഡിൽനിന്ന് രക്ഷനേടാൻ അധിക ബൂസ്റ്റർ ഡോസ് നൽകണമെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു.
പ്രായമുള്ളവർ, മറ്റ് അസുഖങ്ങളുള്ള യുവാക്കൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവരെയാണ് അപകടസാധ്യതകൂടിയ വിഭാഗമായി കണക്കാക്കുന്നത്.