കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽനിന്ന് അഞ്ച് കിലോയിലധികം സ്വർണം പിടിച്ചു. സ്വർണം മിശ്രിതമാക്കി ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് പിടികൂടിയത്.
ഉംറക്ക് പോയി മടങ്ങി വരുന്ന നാല് പേരുൾപ്പെടെയാണ് പിടിയിലായത്. മലപ്പുറം ഊരകം മേൽമുറി സ്വദേശി ഷുഹൈബ് , വയനാട് മേപ്പാടി സ്വദേശി യൂനസ് അലി കാസർകോട് സ്വദേശി അബ്ദുൽ ഖാദർ , മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരാണ് പിടിയിലായത്.
ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നത് കള്ളക്കടത്ത് സംഘമാണെന്ന് യാത്രക്കാർ മൊഴി നൽകിയെന്ന് കസ്റ്റംസ് പറയുന്നു. ഷാർജയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ ജംഷീർ ഷൈബുനീർ എന്നിവരും സ്വർണവുമായി പിടിയിലായി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.