തിരുവനന്തപുരം : സംസ്ഥാനത്ത് ആയുർവേദ -ഹോമിയോ വകുപ്പുകളിൽ കൂട്ട പിൻവാതിൽ നിയമനമെന്ന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി ഫിസോറിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും രാഷ്ട്രീയ ലക്ഷ്യംവെച്ചുളള നീക്കമെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.
ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പിഎസ്സി വഴിയാണ്. പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന് വീണ ജോര്‍ജ് ആരോപിച്ചു. ആരോഗ്യവകുപ്പിനെ ഇകഴ്ത്താനുള്ള കുപ്രചാരണങ്ങള്‍ തള്ളണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്നാണ് പി കെ ഫിറോസ് ഉന്നയിക്കുന്ന ആരോപണം. ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിച്ചു. നിയമനങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിയമപരമായി നീങ്ങുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
എന്നാൽ നാഷണല്‍ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നതെന്നാണ് ആരോഗ്യമന്ത്രി നൽകുന്ന വിശദീകരണം. പത്ര പരസ്യം നല്കി അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. 20 ല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മാനദണ്ഡമനുസരിച്ച് പരീക്ഷ നിര്‍ബന്ധമാണ്. ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ്മിഷന് വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമിക്കപ്പെട്ട അവരുടെ കരാര്‍ പുതുക്കി നല്‍കുന്നത് നാഷണല്‍ ആയുഷ്മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ആരോഗ്യ വകുപ്പിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും മന്ത്രി വ്യക്തമാക്കി.