ന്യൂഡൽഹി: പ്രതിപക്ഷ നേതൃപദവി കോൺഗ്രസ് ചെറുപാർട്ടികൾക്ക് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവുമായി ശശി തരൂർ എംപി. താനായിരുന്നു പാർട്ടി നേതൃസ്ഥാനത്തെങ്കിൽ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികളുടെ കൺവീനർ സ്ഥാനം ഏതെങ്കിലും പ്രാദേശിക പാർട്ടിക്ക് കൈമാറുമായിരുന്നുവെന്ന് തരൂർ വ്യക്തമാക്കി.
ഓരോ പ്രതിപക്ഷ പാര്‍ട്ടിയും അതത് സംസ്ഥാനങ്ങളില്‍ കരുത്തരാണ്. ദുരഭിമാനത്തേക്കാള്‍ വലുത് പ്രതിപക്ഷ ഐക്യമാണ്. വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത് സംബന്ധിച്ച ചോദ്യത്തിന് തരൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരുമിക്കാന്‍ പ്രതിപക്ഷത്തിന് പുതിയൊരു കാരണം കിട്ടി. 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുക എന്നത് പ്രയാസകരമായിരിക്കും. പ്രതിപക്ഷത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഐക്യം ആശ്ചര്യപ്പെടുത്തുന്നതും സ്വാഗതാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ രാഹുലിനെ പിന്തുണച്ചില്ലെങ്കില്‍, പ്രതികാരബുദ്ധിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഓരോരുത്തരെയായി തേടിയെത്തിയേക്കാമെന്ന ബോധ്യം പ്രതിപക്ഷ നേതാക്കള്‍ക്ക് വന്നിരിക്കുന്നു. വസ്തുനിഷ്ഠമായ ദേശീയ കാഴ്ചപ്പാടുള്ള ഒരേയൊരു പ്രതിപക്ഷ പാര്‍ട്ടി ഞങ്ങളാണ്. 200-ഓളം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും’, തരൂര്‍ പറഞ്ഞു.
നിലവിൽ 37 ശതമാനം മാത്രം വോട്ടുവിഹിതമുള്ള ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ബാക്കിയുള്ള പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കുകയാണെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ സാധിക്കുമെന്നും തരൂർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.