ലഖ്നൗ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിന് 50 റണ്‍സിന്റെ ജയം. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്.
48 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. പക്ഷേ പിന്തുണ നല്കാന് മറ്റ് ബാറ്റര്‍മാര്‍ക്ക് സാധിക്കാതിരുന്നതോടെ ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ല. പൃഥ്വി ഷാ (12), മാച്ചല്‍ മാര്‍ഷ് (0) എന്നിവരെ അഞ്ചാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ ഞെട്ടിച്ചത്. പിന്നാലെ സര്‍ഫറാസ് ഖാനെയും (4) നിലയുറപ്പിക്കും മുമ്പ് വുഡ് മടക്കി.
പിന്നീട് 20 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 30 റണ്‍സെടുത്ത റൈലി റുസ്സോയ്ക്ക് മാത്രമാണ് വാര്‍ണര്‍ക്ക് ശേഷം ലഖ്നൗ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. റോവ്മാന്‍ പവലും (1) പരാജയമായി. അക്ഷര്‍ പട്ടേല്‍ 16 റണ്‍സെടുത്തു.
ആവേശ് ഖാനും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ലഖൗവിന് പതിഞ്ഞ തുടക്കമായിരുന്നു. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി. തുടര്‍ന്നെത്തിയ ദീപക് ഹൂഡ (14) നിരാശപ്പെടുത്തി. എന്നാല്‍ മയേഴ്സ് ഒരറ്റത്ത് അറ്റാക്ക് ചെയ്തുകളിച്ചു. 38 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 73 റണ്‍സെടുത്തത്. മയേഴ്സിനെ അക്സര്‍ പട്ടേല്‍ ബൗള്‍ഡാക്കി. അഞ്ചാമതായി മാര്‍കസ് സറ്റോയിനിസ് (12) നിരാശപ്പെടുത്തി. എന്നാല്‍ പുരാന്റെ ഇന്നിംഗ്സും അയൂഷ് ബദോനിയുടെ (ഏഴ് പന്തില്‍ 18) അവസാന ഓവര്‍ വെടിക്കെട്ടും ലഖ്നൗവിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ക്രുനാലിനൊപ്പം (15) കൃഷ്ണപ്പ ഗൗതം (6) പുറത്താവാതെ നിന്നു.
ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും ചേതന്‍ സകരിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.