കോട്ടയം: സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാതുർവർണ്യത്തിന്റെ ജീർണമായ വ്യവസ്ഥക്കെതിരെയുള്ള യുദ്ധകാഹളമാണ് മുഴങ്ങിയത്. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. മാറുമറയ്ക്കൽ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കല്ലുമാലസമരം, വില്ലുവണ്ടിയാത്ര, ഗുരുവായൂർ സത്യാഗ്രഹം എന്നിങ്ങനെ നിരവധി നവോത്ഥാനമുന്നേറ്റങ്ങൾ ഉൾപ്പെട്ട ശൃംഘലയിലെ ശക്തമായ കണ്ണിയാണ് വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക പരിഷ്കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യസമരധാരയും വൈക്കം സത്യാഗ്രഹത്തിൽ സമന്വയിച്ചു. വൈക്കം സത്യാഗ്രഹത്തിൽ സാമുദായിക നവോത്ഥാന സംരംഭങ്ങളും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും ഒരുമിച്ച് ചേർന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടെ നേതൃത്വത്തിൽ സാമൂഹിക ദുരാചരങ്ങൾക്കെതിരെ അതുവരെ അങ്ങനെയൊരു പോരാട്ടം നടന്നതായി മറ്റെവിടെയെങ്കിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നവോഥാനത്തിൽ പങ്കില്ല എന്ന് ചിലർ ആരോപിക്കുന്നുണ്ട്. കൂടാതെ, ചില ജാതിയിൽ ഉള്ളവർ മാത്രം നടത്തിയതാണ് വൈക്കം സത്യഗ്രഹമെന്നും ആരോപണം ഉണ്ടെന്നും എന്നാൽ അത് വാസ്തവമല്ലെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. എല്ലാവരും ചേർന്ന് നടത്തിയ പോരാട്ടം ആണ് വൈക്കം സത്യാഗ്രഹം എന്ന് വേദിയിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്താൻ ശ്രമം. അവർ പുറകിലോട്ട് നടക്കുകയാണ്. അത്തരം നീക്കങ്ങളെ ഒരുമിച്ച് നിന്ന് ചെറുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒറ്റക്ക് നിന്നല്ല പോരാട്ടം നടത്തേണ്ടത് എന്ന് വൈക്കം സത്യഗ്രഹം കാണിച്ചു തന്നു. അതിനാൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും സാഹോദര്യം ഇന്ത്യക്ക് തന്നെ മാതൃകയായി ഉയർത്തികാണിക്കുമെന്ന് മഹാത്മാ ഗാന്ധിയുടെയും ശ്രീ നാരായണ ഗുരുവിന്റെയും ഇവി രാമസ്വാമി നായ്ക്കരുടെയും സ്മരണകൾ സ്പന്ദിക്കുന്ന വൈക്കത്തിന്റെ മണ്ണിൽ നിന്ന് അറിയിക്കുന്നതായി മുഖ്യമന്ത്രി ഉറപ്പു നൽകി.
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പിണറായി വിജയൻ നന്ദി പറഞ്ഞു. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യമായിട്ടും സ്റ്റാലിൻ എത്തിയത് വൈക്കം സത്യാഗ്രഹത്തോടുള്ള തമിഴ്നാട് സർക്കാരിന്റേയും അദ്ദേഹത്തിന്റേയും ആഭിമുഖ്യമാണ് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വൈക്കം സത്യാഗ്രഹം തമിഴ്നാടിനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. സാമൂഹിക പരിഷ്കരണ ശ്രമത്തില്‍ വ്യാപൃതരായ നിരവധി പേരാണ് തമിഴ്നാട്ടില്‍ നിന്ന് സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി വൈക്കത്ത് എത്തിയത്. അതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ചടങ്ങിലെ സാന്നിധ്യത്തിന് സവിശേഷമായ ഔചിത്യ ഭംഗിയുണ്ട്. അഭിമാനകരമായ ഒരേ പോരാട്ട സംസ്കാര പൈതൃകം പങ്കിടുന്ന സഹോദര ജനതയാണ് തമിഴ്നാട്ടിലേതും കേരളത്തിലേതും. പോരാട്ടത്തില്‍ ഒരുമിച്ച് നില്ക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യാഗ്രഹം മുന്നോട്ട് വെച്ചത്. കേരളത്തിന്റേയും തമിഴ്നാടിന്റേയും മനസ്സ് ഒരുമിച്ചുനിന്നു. അത് വരുംകാലത്തും ഉണ്ടാകും. വലിയ സാഹോദര്യമായി അത് ശക്തിപ്പെടും. ഇന്ത്യക്ക് തന്നെ പുതിയ മാതൃക ഉയര്‍ത്തിക്കാട്ടും.’, മുഖ്യമന്ത്രി അവകാശപ്പെട്ടു.
വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരകം വൈക്കത്ത് നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയ അഭിപ്രായ വ്യത്യാസങ്ങളെക്കാൾ വലിയ വിപത്തിനെതിരെയുള്ള ചെറുത്തുനിൽപ്പാണ് വേണ്ടത്. അനീതിക്കും അസമത്വത്തിനും എതിരെ പ്രതികരിക്കുന്നവർ മാത്രമേ അതിജീവിക്കൂ. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഭരണഘടനക്ക് പകരം മനുസ്മൃതിയെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നു. ഇതൊക്കെ പഴയകാലത്തെ ഉച്ചനീചത്വങ്ങളും അടിച്ചമർത്തലുകളും തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.